രാജ്യത്തോടുള്ള അഭിസംബോധനയിൽ വനിത സംവരണ ഭേദഗതി ബില്ലിന്‍റെ പേരിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനം. രാഷ്ട്രത്തോടുള്ള അഭിസംബോധന രാഷ്ട്രീയ പ്രസംഗം ആക്കി മാറ്റിയെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആരോപണം. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനം കൂടിയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
പ്രധാനമന്ത്രി എന്ന നിലയിൽ നടത്തുന്ന പ്രസംഗങ്ങളിൽ സാധാരണ രഷ്ട്രീയ വിമർശനങ്ങൾ പതിവില്ലാത്തതാണ്. എന്നാൽ ഇന്നലെ മോദി പ്രസംഗത്തിന്‍റെ വലിയൊരു ഭാഗവും കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികളെ പേരെടുത്ത് വിമർശിക്കാനാണ് ഉപയോഗിച്ചത്. ബംഗാൾ, തമിഴ്നാട് തിരഞ്ഞെടുപ്പുകൾ നടക്കാൻ ഇരിക്കുന്നതിനാൽ ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനം കൂടിയാണെന്നും ആരോപണം ഉയർന്നു.
അതേസമയം വരും ദിവസങ്ങളിൽ വനിതാ സംവരണ ഭേദഗതി രാജ്യം മുഴുവൻ വലിയ ചർച്ചയാക്കാനും അതുവഴി പ്രതിപക്ഷത്തെ പ്രതിരോധത്തിൽ ആക്കാനുമാണ് മോദിയുടെയും ബി.ജെ.പിയുടെയും ലക്ഷ്യം. പ്രധാനമന്ത്രിയുടെ അഭിസംബോധനയിലൂടെ അസാധാരണ ശ്രദ്ധ വിഷയത്തിന് ലഭിച്ചു. ഇന്നുമുതൽ സംസ്ഥാനങ്ങളിൽ വലിയ പ്രതിഷേധങ്ങളും അരങ്ങേറും.
മണ്ഡല പുനര്‍നിര്‍ണയത്തെ എതിര്‍ത്തതിലൂടെ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വന്തം സംസ്ഥാനങ്ങളെയാണ് വഞ്ചിച്ചതെന്നും രാജ്യത്തോടുള്ള അഭിസംബോധനയില്‍ മോദി പറഞ്ഞത്. സ്ത്രീശക്തിയെ തടഞ്ഞതിന് രാജ്യം പൊറുക്കില്ല. എല്ലാ അമ്മമാരോടും സഹോദരിമാരോടും മാപ്പുചോദിക്കുന്നു എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പാര്‍ലമെന്‍റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും രാജ്യത്തെ മുഴുവന്‍ വനിതകളുടെയും പിന്തുണ ബി.ജെ.പിക്കും എന്‍.ഡി.എക്കും ഉണ്ടെന്നു പറഞ്ഞാണ് അരമണിക്കൂര്‍ നീണ്ട പ്രസംഗം മോദി അവസാനിപ്പിച്ചത്. വരും ദിവസങ്ങളില്‍ പ്രതിപക്ഷത്തിനെതിരായ നീക്കം എങ്ങനെയായിരിക്കും എന്നതിന്‍റെ സൂചനയാണ് അഭിസംബോധന.