ദേശീയഗാനം ആലപിക്കാത്തതില്‍ പ്രകോപിതനായി തമിഴ്നാട് നിയമസഭയില്‍ നിന്ന് ഗവര്‍ണര്‍ ആര്‍.എന്‍ രവി ഇറങ്ങിപ്പോയി. തമിഴ് തായ് വാഴ്ത്തോടെയാണ് സഭ ആരംഭിച്ചത് . ഇതിനുശേഷം ദേശീയഗാനം ആലപിക്കാത്തതിനാലാണ് നടപടി . സ്റ്റാലിന്‍ സര്‍ക്കാരുമായുമുള്ള തര്‍ക്കം രൂക്ഷമായിരിക്കെയാണ് ഗവര്‍ണറുടെ ഈ നടപടി. ഗവര്‍ണറെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും ഗവര്‍ണറുടെ മൈക്ക് ഓഫ് ചെയ്തെന്നും തമിഴ്നാട് ലോക്ഭവന്‍ ആരോപിച്ചു. ഇത് തുടർച്ചയായി മൂന്നാം തവണയാണ് ഗവർണർ ഇത്തരത്തിൽ വാക്ക് ഔട്ട് നടത്തുന്നത്. തുടർന്ന് സ്പീക്കർ എം.അപ്പാവു നയപ്രഖ്യാപന പ്രസംഗം വായിക്കുകയായിരുന്നു.
വിലെ നിയമസഭയിലെത്തിയ ഗവർണറെ സ്പീക്കറുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് നിയമസഭയിലെത്തിയ അദ്ദേഹം നയപ്രഖ്യാപന പ്രസംഗത്തിന് മുൻപ് ദേശീയഗാനം ആലപിക്കണമെന്ന് നിർദേശിച്ചു. എന്നാൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യവും ദേശീയ ഗാനം അവസാനവും ആലപിക്കുന്നതാണ് തമിഴ്നാട് നിയമസഭയിലെ രീതിയെന്ന് സ്പീക്കർ അറിയിച്ചെങ്കിലും ഗവർണർ ഇതിൽ ക്ഷുഭിതനായി വാക്ക് ഔട്ട് നടത്തുകയായിരുന്നു
ഗവർണർ ഇറങ്ങിപ്പോയ ശേഷം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇതിനെതിരെ പ്രമേയം അവതരിപ്പിച്ചു. ‘ആടിന് താടിയും സംസ്ഥാനത്ത് ഗവർണറും ആവശ്യമില്ലെ’ന്ന് പ്രസംഗത്തിനിടെ സ്റ്റാലിൻ ചൂണ്ടിക്കാട്ടി. തുടർന്ന് സ്പീക്കർ എം.അപ്പാവു കേന്ദ്ര വിമർശനങ്ങൾ അടങ്ങിയ നയപ്രഖ്യാപനം അവതരിപ്പിക്കുകയായിരുന്നു. എടപ്പാടി പളനി സാമിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം നിയമസഭക്ക് പുറത്ത് പ്രതിഷേധിച്ചു