രാഷ്ട്രപതിയുടെ അത്താഴവിരുന്നില്‍ പങ്കെടുത്ത ശശി തരൂരിനെതിരെ പരസ്യ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സര്‍ക്കാരിന്‍റെ ക്ഷണം സ്വീകരിക്കും മുമ്പ് സ്വന്തം മനസാക്ഷിയോടെങ്കിലും ചോദിക്കണമായിരുന്നു എന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര. റഷ്യന്‍ പ്രസിഡന്‍റിന്‍റെ ബഹുമാനാര്‍ഥം നടത്തിയ അത്താഴവിരുന്നില്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമടക്കം പ്രതിപക്ഷ നേതാക്കള്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല.
രാഷ്ട്രപതി ഭവനിലെ ഭക്ഷണത്തിന്‍റെ രുചിയെ പുകഴ്ത്തിയ തരൂരിന് പാര്‍ട്ടിയില്‍ നിന്ന് ലഭിച്ച പ്രതികരണം അത്ര രുചികരമായിരുന്നില്ല. ലോക്സഭ- രാജ്യസഭാ പ്രതിപക്ഷ നേതാക്കള്‍ക്ക് ക്ഷണമില്ലാത്ത വിരുന്നില്‍ പങ്കെടുത്ത തരൂര്‍, സ്വന്തം മനസാക്ഷിയോടെങ്കിലും ആലോചിക്കണമായിരുന്നു എന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള പാര്‍ലമെന്‍റ് പ്രതിനിധി സംഘത്തിന്‍റെ കാര്യത്തിലെന്നതു പോലെ വിദേശകാര്യ പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എന്ന നിലയിലാണ് തന്നെ ക്ഷണിച്ചതെന്നാണ് തരൂരിന്‍റെ പ്രതിരോധം. മറ്റ് നേതാക്കളെ വിളിക്കാത്തതിനെക്കുറിച്ച് തനിക്കറിയില്ല. സര്‍ക്കാരുമായി സഹകരിക്കുന്നതിന് പ്രത്യയശാസ്ത്രവും നിലപാടുകളും അടിയറവു വയ്ക്കേണ്ടതില്ലെന്നും വിശദീകരണം. താന്‍ കോണ്‍ഗ്രസ് എം.പി തന്നെെയാണ്.
റഷ്യന്‍ പ്രസിഡന്‍റിന്‍റെ ബഹുമാനാര്‍ഥം നടത്തിയ വിരുന്നില്‍ പങ്കെടുത്തിലൂടെ, കുടുംബാധിപത്യത്തിനെതിരായ ലേഖനത്തിന് ശേഷം തിരുവനന്തപുരം എം.പി ഒരിക്കല്‍ക്കൂടി പരസ്യമായി കോണ്‍ഗ്രസിനെ വെല്ലുവിളിച്ചിരിക്കുകയാണ്.