കരൂർ ദുരന്തത്തിന് ശേഷം വീണ്ടും സംസ്ഥാന പര്യടനത്തിനൊരുങ്ങി തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്. ഡിസംബര്‍ ആദ്യവാരം സേലത്ത് ടിവികെ പൊതുയോഗത്തിനായുള്ള നീക്കം പാര്‍ട്ടി ആരംഭിച്ചു. രണ്ട് ജില്ലകളിൽ രണ്ട് യോഗങ്ങൾ വീതമായിരിക്കും നടത്തുകയെന്നാണ് റിപ്പോര്‍ട്ട്. പൊതുയോഗം നടത്താനായി സേലം പൊലീസിന് ടിവികെ അപേക്ഷ നല്‍കി.
ഡിസംബർ നാലിന് സേലത്തുവെച്ച് ആദ്യ പൊതുയോഗം നടത്താനാണ് ടിവികെയുടെ നിലവിലെ നീക്കം. ആഴ്ചയിൽ നാല് യോഗം വീതം നടത്തി സംസ്ഥാനത്ത് വീണ്ടും കളംപിടിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. നിലവില്‍ ബുധനാഴ്ചയും ശനിയാഴ്ചയും യോഗങ്ങൾ നടത്താനാണ് ആലോചന. തിക്കിലും തിരക്കിലും 41 പേർ മരിച്ച കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിജയ് പര്യടനം നിർത്തിവെച്ചിരുന്നു.
നേരത്തെ കരൂർ ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് ടിവികെ നേതൃത്വം അറിയിച്ചിരുന്നു. എല്ലാമാസവും 5000 രൂപ വീതം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കും. കുടുംബത്തിന് മെഡിക്കൽ ഇന്‍ഷുറന്‍സ് നല്‍കുമെന്നും പാര്‍ട്ടി വ്യക്തമാക്കി. ഇതിനു പുറമെ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും ടിവികെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.