ബിഹാറില്‍ മൂന്നുലക്ഷം അധികം വോട്ട് ചേര്‍ത്തെന്ന ആരോപണത്തില്‍ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി. പത്രികാസമര്‍പ്പണത്തിന് 10 ദിവസം മുന്‍പുവരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം നല്‍കിയെന്നും ഈ സമയത്താണ് മൂന്നുലക്ഷംപേര്‍ പേരു ചേര്‍ത്തതെന്നും കമ്മിഷന്‍ വ്യക്തമാക്കി. ബിഹാറിലെ ഫലം അവിശ്വസനീയമാണെന്നും വോട്ടുകൊള്ള നടന്നുവെന്നുമായിരുന്നു കോണ്‍ഗ്രസിന്‍റെ ആരോപണം.
എസ്.ഐ.ആറിന് ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത് സെപ്റ്റംബർ 30തിനാണ്. ഇതിൽ 7.42 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. വോട്ടെടുപ്പിന് ശേഷം നവംബർ 12 ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച കണക്ക് അനുസരിച്ച് 7.45 കോടിയാണ് വോട്ടര്‍മാര്‍. അതായത് മൂന്ന് ലക്ഷം വോട്ടര്‍മാര്‍ അധികം.
അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചാലും നാമനിർദ്ദേശപത്രികാ സമർപ്പണത്തിന് പത്തുദിവസം മുന്‍പ് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം എന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മൂന്ന് ലക്ഷം പേർ അധികമായി വന്നത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത്.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശക പ്രതികാ സമർപ്പണം ഏഴ് മുതൽ പത്ത് വരെയായിരുന്നു. ആദ്യഘട്ടത്തിനുള്ള പ്രതികാ സമർപ്പണം ഒക്ടോബർ ഏഴിനും രണ്ടാം ഘട്ടത്തിനുള്ളത് പത്തിനും അവസാനിച്ചു. സെപ്റ്റംബർ 30 തിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം പിന്നീടുള്ള പത്ത് ദിവസത്തിനുള്ളില്‍ എങ്ങനെ മൂന്ന് ലക്ഷം വോട്ടര്‍മാരെ ചേര്‍ത്തു എന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. ഇതില്‍ അസ്വഭാവികതയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തത വരുത്തിയിട്ടില്ല. പത്ത് ദിവസം കൊണ്ട് മൂന്നുലക്ഷം പേരെ ചേർത്തു അതിൽ തെറ്റില്ല എന്ന് മാത്രമാണ് കമ്മീഷൻ പറയുന്നത്.