16 ദിവസം ബിഹാറിനെ ഇളക്കി മറിച്ച വോട്ട് അധികാര്‍ യാത്രയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി എവിടെ? ബിഹാറില്‍ തിരഞ്ഞെടുപ്പ് ചൂടേറി വരുമ്പോള്‍ നരേന്ദ്രമോദിയുടെ പ്രചാരണത്തിനും അമിത് ഷായുടെ റാലിക്കും തേജസ്വിയുടെ റോഡ് ഷോയ്ക്കും ഒപ്പം രാഹുലിന്‍റെ അസാന്നിധ്യവും ചര്‍ച്ചയാണ്.
സെപ്റ്റംബര്‍ ഒന്നിന് പാട്നയിലെ ഗാന്ധി മൈതാനത്ത് നടന്ന വോട്ട് അധികാര്‍ യാത്രയുടെ സമാപന ചടങ്ങാണ് രാഹുല്‍ ഗാന്ധിയുടെ ബിഹാറിലെ അവസാന പൊതുപരിപാടി. 25 ജില്ലകളിലെ 110 അസംബ്ലി മണ്ഡലങ്ങളിലൂടെ 1,300 കിലോമീറ്റര്‍ സഞ്ചരിച്ച് കോൺഗ്രസിന്റെ ഉറങ്ങിക്കിടക്കുന്ന അടിത്തറയെ ഇളക്കിമറിച്ച രാഹുൽ പിന്നീട് ചിത്രത്തിലില്ല. തേജസ്വി യാദവിനെ ഇന്ത്യ സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച വാര്‍ത്ത സമ്മേളനത്തിന്‍റെ ബാനറില്‍ പോലും തേജസ്വിയുടെ പടം മാത്രമാണ്.
പാട്ന റാലിക്ക് ശേഷം അഞ്ചു തവണ മാത്രമാണ് രാഹുല്‍ ഗാന്ധിയെ പൊതുഇടത്ത് കണ്ടത്. ഇതിലൊന്ന് പോലും ബിഹാറിലായിരുന്നില്ല. സെപ്റ്റംബർ അവസാനത്തിൽ ഗുരുഗ്രാമിലെ പിസ്സ ഔട്ട്ലെറ്റിൽ രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. ഒക്ടോബർ ആദ്യം രാഹുല്‍ കൊളംബിയയിലേക്ക് പോയി. ചിലി സർവകലാശാലയില്‍ പ്രഭാഷണത്തില്‍ പങ്കെടുത്തു. ഒക്ടോബര്‍ 17 ന് ഗായകന്‍ സുബീൻ ഗാർഗിന്റെ അസമിലെ ഗ്രാമം സന്ദർശിച്ചു. 20-ാം തീയതി ഓള്‍ഡ് ഡൽഹിയിലെ മധുര പലഹാര കടയിലാണ് രാഹുല്‍ ഗാന്ധിയെ അവസാനമായി കണ്ടത്.
ഛഠ് ഉത്സവത്തിന് ശേഷമാണ് കോണ്‍ഗ്രസിന്‍റെ പൂർണ്ണ തോതിലുള്ള പ്രചാരണം ആരംഭിക്കൂ എന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞത്. ഒക്ടോബർ 29, 30 തീയതികളിൽ രാഹുൽ ഗാന്ധി ബീഹാറിൽ പര്യടനം നടത്തുമെന്നും തുടർന്ന് പ്രിയങ്ക ഗാന്ധിയും പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസാഫർപൂരിലും ദർഭംഗയിലും തേജസ്വിയുമായി സംയുക്ത റാലിയും ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് കോണ്‍ഗ്രസിന്‍റെ വിശദീകരണം. അതായത്, നവംബര്‍ ആറിന് നടക്കുന്ന ഒന്നാം ഘട്ട വോട്ടെടുപ്പിന് ഒരാഴ്ച മുന്‍പാണ് രാഹുലിന്‍റെ പ്രചാരണം ബിഹാറില്‍ നടക്കുക.
243 സീറ്റുള്ള ബിഹാറില്‍ 61 ഇടത്താണ് കോണ്‍ഗ്രസ് മല്‍സരിക്കുന്നത്. സഖ്യത്തിന്‍റെ ഭാഗമായ ആര്‍ജെഡിയാണ് 143 സീറ്റില്‍ മല്‍സരിക്കുന്നത്. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡിയെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നെങ്കിലും 70 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസ് 19 എണ്ണത്തില്‍ മാത്രമാണ് വിജയിച്ചത്.