കരൂരില്‍ നിരവധിപ്പേരുടെ ജീവന്‍ പൊലിയാന്‍ കാരണമായ ദുരന്തത്തിന് കാരണം വിജയ് എന്ന് ഡിഎംകെ. ദുരന്തത്തിന്‍റെ ഉത്തരവാദിത്തം വിജയ് ഏറ്റെടുക്കണമെന്നും താരം വൈകി വന്നതാണ് ദുരന്തത്തിന് കാരണമായതെന്നും ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍ മനോരമന്യൂസിനോട് പറഞ്ഞു. വിജയ് ജനങ്ങളെ ഓര്‍ക്കുന്നത് പോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരന്തത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന ആരോപണങ്ങള്‍ ഇളങ്കോവന്‍ തള്ളി.
ദുരന്തത്തില്‍ ടിവികെയുടെ ഒരു പ്രാദേശിക നേതാവിനെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു.കരൂര്‍ സ്വദേശി പവന്‍ രാജ് ആണ് കസ്റ്റഡിയിലായത്. പരിപാടിക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ ഒപ്പിട്ടിരുന്നത് പവനാണ്. ഒളിവിലായിരുന്ന ടി.വി.കെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകന്‍ ഇന്നലെ അറസ്റ്റിലായിരുന്നു.
അതിനിടെ സെന്തില്‍ ബാലാജിയുടെ സമ്മര്‍ദമാണ് സുരക്ഷാവീഴ്ചയുണ്ടാക്കിയതെന്ന് ആത്മഹത്യാക്കുറിപ്പെഴുതി വച്ച് ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വില്ലുപുരം വല്ലം ബ്രാഞ്ച് സെക്രട്ടറി വി.അയ്യപ്പനാണ് മരിച്ചത്. അതേസമയം യുവജന വിപ്ലവത്തിന് സമയമായെന്ന് ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുനയുടെ പോസ്റ്റും വിവാദമായി. ശ്രീലങ്കയും നേപ്പാളും ആവര്‍ത്തിക്കണമെന്നായിരുന്നു പോസ്റ്റില്‍. വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റആണെന്നും ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിച്ചതിന് ആദവിനെ അറസ്റ്റ് ചെയ്യണമെന്നും ഡിഎംകെ ആവശ്യപ്പെട്ടതിന് പിന്നാലെ പോസ്റ്റ് നീക്കം ചെയ്തു.