പാർട്ടി പ്രവർത്തനങ്ങൾ നിഷ്ക്രിയമെന്ന് സിപിഐ സംഘടനാ റിപ്പോർട്ടിൽ രൂക്ഷ വിമർശനം. സഖാക്കൾക്ക് പരിശീലനമില്ല. നേതാക്കൾക്ക് ജനങ്ങളുമായി അടുപ്പമുണ്ടാകണമെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പരിശീലനത്തിന്റെ കുറവ് പാർട്ടിയെ ദുർബലപ്പെടുത്തുന്നുവെന്ന് സിപിഐയുടെ സംഘടനാ റിപ്പോർട്ട്. പാർട്ടിയുടെ ജീവൻ നിലനിർത്താൻ നിഷ്‌ക്രിയമായ പ്രവണതകളെ തുടച്ചുമാറ്റണം. നേതാക്കൾക്ക് ജനങ്ങളുമായി അടുപ്പമുണ്ടാകണം. പാർട്ടിയുടെ യുവജന വിദ്യാർഥി സംഘടന നിർജീവമാണ്. സ്വയം മെച്ചപ്പെടാൻ മാത്രമായിരിക്കണം പാർട്ടിക്കുള്ളിലെ വിമർശനമെന്നും അപമാനിക്കാനോ മനോവീര്യം തകർക്കാനോ ആകരുതെന്നും റിപ്പോർട്ടിലുണ്ട്. പാർട്ടി അംഗത്വം പുതുക്കൽ ബലഹീനതയായി മാറി. പാർട്ടി അംഗങ്ങളും അനുയായികളും സ്വകാര്യ പരിപാടികൾക്കായി വൻതോതിൽ പണം ചെലവഴിക്കുന്നു. രാഷ്ട്രീയ ആവശ്യം മുന്നോട്ട് വയ്ക്കാതെ പാർട്ടി നേതാക്കൾ പണം പിരിക്കുന്നത് അനാരോഗ്യ പ്രവണതയെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രധാന പാർട്ടികളുമായുള്ള തിരഞ്ഞെടുപ്പ് സഖ്യങ്ങളെ എപ്പോഴും ആശ്രയിക്കരുത്. സഖ്യങ്ങൾ രൂപപ്പെടുന്നില്ലെങ്കിൽ, സ്വന്തം ശക്തിയിൽ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും വിജയിക്കാനും കഴിയണണമെന്നും സംഘടനാ റിപ്പോർട്ട്.