വോട്ട് കൊള്ള ആരോപണമുന്നയിച്ച് രാഹുല്‍ ഗാന്ധി ബിഹാറില്‍ നടത്തിയ വോട്ടര്‍ അധികാര്‍ യാത്ര ജനങ്ങള്‍ക്കിടയില്‍ കാര്യമായ ചലനമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. എന്നാല്‍ ഈ മുന്നേറ്റത്തെ പ്രാദേശികവാദമുയര്‍ത്തി പ്രതിരോധിക്കുകയാണ് ബി.ജെ.പി. അതിനുള്ള ആയുധം കോണ്‍ഗ്രസ് തന്നെ നല്‍കുന്നു എന്നത് അതിലേറെ കൗതുകം.
വോട്ടര്‍ അധികാര്‍ യാത്രയില്‍ വീണ ആദ്യത്തെ കരടായിരുന്നു പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ച സംഭവം. കാര്യമായ പ്രചാരണവുമായി രാഹുല്‍ ഗാന്ധി മുന്നോട്ടുപോകുന്നതിനിടെ വേദിയില്‍നിന്ന് പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിക്കുന്ന പരാമര്‍ശം ഉയര്‍ന്നത് ബി.ജെ.പിക്ക് അപ്രതീക്ഷിത ആയുധമായി. ബിഹാറിന്‍റെ മണ്ണില്‍നിന്ന് ഇത്തരമൊരു പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്നും ബിഹാറിലെ മുഴുവന്‍ സ്ത്രീകളെയും അധിക്ഷേപിക്കുന്നതാണ് പരാമര്‍ശമെന്നും പറഞ്ഞ് പ്രധാനമന്ത്രി തന്നെ പ്രാദേശിക വികാരം ശക്തമായി ഉയര്‍ത്തി.
ബിഹാര്‍ ബന്ദടക്കം നടത്തി വിവാദം ബി.ജെ.പി. കത്തിച്ചു നിര്‍ത്തുന്നതിനിടെയാണ് കെ.പി.സി.സി. അടുത്ത വടി കൊടുത്തത്. ബീഡിയുടെ ജി.എസ്.ടി കുറച്ചതിനെ ബിഹാറുമായി ചേര്‍ത്തുവച്ച് നടത്തിയ പരിഹാസം കോണ്‍ഗ്രസുകാര്‍ക്കു പോലും ദഹിച്ചിട്ടില്ല. ബി.ജെ.പിയാവട്ടെ കോണ്‍ഗ്രസിന് ബിഹാറികളോട് വിരോധമാണെന്ന പ്രചാരണത്തിന് തുടക്കമിടുകയും ചെയ്തു. കേന്ദ്ര, സംസ്ഥാന ഭരണത്തിനെതിരെ കോണ്‍ഗ്രസ് പ്രചാരണം നടത്തുമ്പോള്‍ പ്രാദേശിക വികാരം കത്തിക്കാന്‍ തന്നെയാണ് ബി.ജെ.പി. തീരുമാനം.