ഭരണഘടന ഭേദഗതി ബില്ലിൻ മേലുള്ള ജെ.പി. സിയിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നാൽ അവഗണിച്ച് മുന്നോട്ടു പോകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജയിലിൽ നിന്ന് ഭരിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ബില്ലെന്നും ആഭ്യന്തര മന്ത്രി. തിരഞ്ഞെടുത്ത സർക്കാരുകളെ അട്ടിമറിക്കാനാണ് ശ്രമമെന്ന് കെ.സി.വേണുഗോപാൽ തിരിച്ചടിച്ചു.
പ്രതിപക്ഷത്തിന് അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരമാണ് സംയുക്ത പാർലമെന്‍ററി സമിതിയെന്ന് അമിത് ഷാ. അംഗങ്ങളെ നിർദേശിക്കുന്നില്ല എന്ന് തീരുമാനിച്ചാൽ അവഗണിച്ച് മുന്നോട്ടു പോകും. ജനങ്ങൾ എല്ലാം മനസിലാക്കുന്നുണ്ട്. ജയിൽ ഔദ്യോഗിക വസതിയാക്കുകയാണ് പലരും ചെയ്തത്. ഉദ്യോഗസ്ഥരടക്കം ജയിലിൽ പോയി മുഖ്യമന്ത്രിയുടെ ഉത്തരവ് കൈപ്പറ്റുന്ന സാഹചര്യം ഒഴിവാക്കാനാണ് ബിൽ എന്നും അമിത് ഷാ.
എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് ഭരണഘടന ഭേദഗതി ബിൽ കൊണ്ടുവന്നതെന്ന് കെ.സി. വേണുഗോപാൽ. സമീപകാലത്തായി ജനവിരുദ്ധ നിയമ നിർമാണത്തിനാണ് പാർലമെന്‍റിനെ ഉപയോഗിക്കുന്നത് എന്നും കെ.സി. ഇ.അഹമ്മദ് സ്മാരക പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമാണ് കെ.സിയുടെ പ്രതികരണം.