രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ ആരോപണത്തെ പിന്തുണച്ച് രംഗത്തിറങ്ങാൻ അണ്ണാ ഹസാരെയോട് ആവശ്യപ്പെട്ട് പുണെയിൽ ബാനറുകൾ. അണ്ണാ ഹസാരെ ഉണരൂവെന്നും, രാജ്യത്തിനായി എന്തുകൊണ്ട് ഉണർന്നുകൂടായെന്നും പോസ്റ്ററിൽ ചോദിക്കുന്നു. എന്നാൽ, കഴിയാവുന്നതെല്ലാം ചെയ്തെന്നും യുവാക്കൾ തന്‍റെ പ്രവർത്തനങ്ങൾ മുന്നോട്ടു നയിക്കണമെന്നും അണ്ണാ ഹസാരെ പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരെ സംസാരിക്കാനും പ്രക്ഷോഭം നയിക്കാനും ഹസാരെ മുന്നോട്ടു വരണമെന്നാണ് പോസ്റ്ററിലൂടെ ആഹ്വാനം. സാമൂഹിക പ്രവർത്തകനായ സമീർ ഉത്തർകറിന്റെ പേരിലാണ് പോസ്റ്ററുകളും ബാനറുകളും പൂനെ നഗരത്തിൽ വ്യാപകമായി സ്ഥാപിച്ചിരിക്കുന്നത്
ഡൽഹിയിലെ ജന്തർ മന്തറിൽ ഹസാരെയുടെ മാജിക് വീണ്ടും കാണാൻ രാജ്യം കാത്തിരിക്കുന്നുവെന്നും പോസ്റ്ററിലൂടെ പരിഹാസം.
എന്നാൽ പോസ്റ്റർ പ്രചാരണത്തിൽ നീരസം പ്രകടിപ്പിച്ച അണ്ണാ ഹസാരെ, യുവാക്കളോട് ഗാന്ധിയൻ ആദർശങ്ങൾ ഉൾക്കൊണ്ട് നാടിനായി ഒറ്റക്കെട്ടായി പോരാടാനും ആഹ്വാനം ചെയ്തു.
2014-ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്ന ശേഷം അണ്ണാ ഹസാരെ തന്ത്രപരമായ മൗനത്തിലാണെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ വിമർശനം.