രാഹുല്‍ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണങ്ങള്‍ക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസിന് വലിയ വളര്‍ച്ച. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും അടക്കം ബി.ജെ.പിയെ മറികടക്കുന്ന ജനപിന്തുണ ലഭിച്ചു എന്നാണ് കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകള്‍ അവകാശപ്പെടുന്നത്. നിലവില്‍ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് 9.2 ദശലക്ഷം പേരാണ് ഫോളോ ചെയ്യുന്നത്.
രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി വാര്‍ത്ത സമ്മേളനത്തിന് മുന്‍പ് 8.2 ദശലക്ഷത്തിന് അടുത്തായിരുന്നു ഫോളോവേഴ്സ്. തെളിവുകള്‍ നിരത്തിയുള്ള രാഹുലിന്‍റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ 10 ലക്ഷത്തിലധികം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ കോണ്‍ഗ്രസ് ഫോളോവേഴ്സായി എത്തിയതെന്നാണ് കോണ്‍ഗ്രസ് അനുകൂല അക്കൗണ്ടുകളുടെ വാദം. ഇതോടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന രാഷ്ട്രീയ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകളില്‍ പ്രചാരണമുണ്ട്.
കോണ്‍ഗ്രസ് അക്കൗണ്ട് 90 ലക്ഷത്തിലധികം പേര്‍ പിന്തുടരുമ്പോള്‍ ബിജെപിയുടെ അക്കൗണ്ട് 83 ലക്ഷം പേരാണ് പിന്തുടരുന്നത്. യൂട്യൂബില്‍ 64.9 ലക്ഷം പേര്‍ കോണ്‍ഗ്രസിനെയും 62.4 ലക്ഷം പേര്‍ ബിജെപിയെയും പിന്തുടരുന്നുണ്ട്. എക്സില്‍ 23.2 ദശലക്ഷം പേരാണ് ബിജെപിയെ പിന്തുടരുന്നത്. 11.5 ദശലക്ഷമാണ് കോണ്‍ഗ്രസിനുള്ള പിന്തുണ. സ്വാതന്ത്ര്യദിനത്തില്‍ രാഹുല്‍ ഗാന്ധി പങ്കുവച്ച കോണ്‍ഗ്രസിന്‍റെ ആഘോഷങ്ങളുടെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ 2.83 കോടി പേരാണ് കണ്ടത്.
‘വോട്ടുകൊള്ള’യും ബിഹാർ വോട്ടർ പട്ടികയിലെ വെട്ടിനിരത്തലും ഉയർത്തിക്കാട്ടി രാഹുല്‍ ഗാന്ധി നടത്തുന്ന ‘വോട്ടർ അധികാർ യാത്ര’ ബിഹാറിലെ സാസറാമിൽ തുടങ്ങി. ആർഎസ്എസും ബിജെപിയും ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ഭരണഘടനയെ രക്ഷിക്കാനുള്ള യുദ്ധമാണ് നടക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പുകളിൽ വ്യാപകമായി കള്ളവോട്ട് നടക്കുന്നുണ്ടെന്ന് രാഹുൽ പറഞ്ഞു.