വോട്ട് കൊള്ള ആരോപണമുന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധമാർച്ച് നയിച്ച ഇന്ത്യ സഖ്യ എം.പിമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാര്‍ലമെന്‍റില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. കൊടും ചൂടിൽ ചില എം.പിമാർ കുഴഞ്ഞു വീണു. ഇത് ഭരണഘടന സംരക്ഷണത്തിനായുള്ള പോരാട്ടമെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
പാർലമെൻറിന്‍റെ മകരകവാടത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ എംപിമാര്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മുദ്രാവാക്യം വിളികളുമായി പുറപ്പെട്ടു. ബാരിക്കേഡിന് മുകളില്‍ കയറി നിന്ന് പ്രതിഷേധിച്ചു ഏതാനും വനിത എം.പിമാർ. വോട്ട് കൊള്ള മുദ്രാവാക്യവുമായി നടുറോഡിലിരുന്നു ബാക്കിയുള്ളവർ.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയത് പോലെ 30 എംപിമാരെ കടത്തി വിടാം എന്ന പൊലീസ് നിലപാട് എംപിമാര്‍ തള്ളി. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും കസ്റ്റഡിയില്‍ എടുത്തു. പൊലീസ് നടപടിക്കിടെ ടിഎംസി എംപി മിതാലി ബാഗ് കുഴഞ്ഞു വീണു.