പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സർക്കാരിനെയും പുകഴ്ത്തുന്ന പ്രവർത്തകസമിതി അംഗം ശശി തരൂരിനെ തുറന്നു കാട്ടാൻ ഉറച്ച് കോൺഗ്രസ് ദേശീയ നേതൃത്വം. ഓരോ പ്രസ്താവനകൾക്ക് പിന്നാലെയും തരൂരിന്റെ ബിജെപി ചായ്‌വ് തുറന്ന് കാണിക്കാനാണ് നീക്കം. തരൂരിനെ തള്ളി കോൺഗ്രസ് നിലപാടും യാഥാർത്ഥ്യവും നേതാക്കൾ ആവർത്തിക്കും. അച്ചടക്കനടപടി എടുപ്പിക്കാനുള്ള തരൂരിന്‍റെ നീക്കത്തിൽ വീഴേണ്ടെന്നുമാണ് തീരുമാനം.
നേരത്തെ താഴെത്തട്ടിൽ ഉള്ള നേതാക്കൾ നടത്തിയിരുന്ന ഈ നീക്കം മുതിർന്ന നേതാക്കളായ ജയറാം രമേശ് അടക്കമുള്ളവർ ഏറ്റെടുത്തിട്ടുണ്ട്. ഇന്നലെ തരൂരിനെ ബിജെപി വക്താവ് എന്ന് വിമർശിക്കുന്ന ഉദിത് രാജിന്റെ എക്സ്പോസ്റ് ജയറാം രമേശും പങ്കുവെച്ചിരുന്നു.
‘തരൂരിന്റെ സംസാരം ബിജെപി വക്താവിനെ പോലെ’ എന്നാണ് ബുധനാഴ്ച കോണ്‍ഗ്രസ് വക്താവ് ഉദിത് രാജ് എക്സില്‍ കുറിച്ചത്. തരൂര്‍ മോദിയെ പുകഴ്ത്തിക്കൊണ്ടിരിക്കുകയാണെന്നും ഉദിത് രാജ് എഴുതി. ഈ പോസ്റ്റാണ് ജയറാം രമേശ് പങ്കുവച്ചത്. സ്ത്രീകളുടെ സിന്ദൂരം മായിച്ചവർക്ക് പ്രധാനമന്ത്രി നൽകിയത് ശക്തമായ മറുപടിയെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു. ബി.ജെ.പി വക്താക്കള്‍ പോലും പറയാത്താണ് തരൂര്‍ പറയുന്നതെന്നാണ് ഇതിനെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചത്.
ഓപ്പറേഷന്‍ സിന്ദൂര്‍ ഉയര്‍ത്തി പ്രധാനമന്ത്രിയും ബിജെപിയും രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നു എന്ന ആരോപണം കോണ്‍ഗ്രസ് ശക്തമായി ഉയര്‍ത്തുമ്പോഴാണ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂരിന്റെ പ്രസ്താവന. രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായിച്ചവർക്ക് പ്രധാനമന്ത്രി ശക്തമായ മറുപടി നല്കി. ഭീകരതക്ക് ഇന്ത്യ എന്തു മറുപടി നൽകുമെന്ന് വ്യക്തമായി എന്നുമായിരുന്നു പനാമയിലെ സര്‍വകക്ഷി സംഘത്തിനറെ സന്ദര്‍ശനത്തിനിടെ തരൂരിന്റെ പ്രതികരണം.