പാർട്ടിയിലെ കൊമ്പന്മാരെ നേരിടാൻ ഘടകക്ഷികളെ കൂട്ടുപിടിക്കാൻ ശശി തരൂർ. തന്‍റെ ഭാഗം വിശദീകരിച്ച് പാർട്ടിയിലെയും ഘടകകക്ഷികളിലെയും നേതാക്കളുമായി തരൂർ ആശയവിനിമയം തുടങ്ങി. മധ്യസ്ഥത വഹിക്കേണ്ട കെ.സി.വേണുഗോപാൽ പക്ഷം പിടിച്ചതിലും തരൂർ കടുത്ത അതൃപ്തനാണ്. അതേസമയം, താൻ തരൂരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും നല്ല വിമർശനങ്ങൾ ഉൾക്കൊള്ളുമെന്നും കെ.സി. വ്യക്തമാക്കി.
പറയാനുള്ളതെല്ലാം പറഞ്ഞു. പറയാനുണ്ടായ സാഹചര്യം ബോധ്യപ്പെടുത്തി പിന്തുണ ഉറപ്പിക്കലാണ് അടുത്തത്. ശശി തരൂർ അതിന്റെ തിരക്കിലേക്ക് കടക്കുകയാണ്. യുഡിഎഫിലെ കക്ഷി നേതാക്കളെയും പാർട്ടിയിലെ ഉറ്റവരെയും ബന്ധപ്പെട്ട്, വ്യക്തിപരമായി നേരിടുന്ന അവഗണനയും പാർട്ടിയും മുന്നണിയും വരുത്തേണ്ട നയമാറ്റവും ബോധ്യപ്പെടുത്തും. എന്നാൽ, തരൂരിന്റെ കടുത്ത നിലപാടുകളോട് പല ഘടകക്ഷികൾക്കും ഇപ്പോൾ തീരെ യോജിപ്പില്ല.
അതേസമയം, കെ.സി.വേണുഗോപാൽ തനിക്കെതിരെ പരസ്യനിലപാട് എടുത്തതിൽ കടുത്ത അതൃപ്തിയിലാണ് തരൂർ. മധ്യസ്ഥത വഹിക്കേണ്ടവർ പക്ഷം പിടിച്ചാൽ പിന്നെ പ്രശ്നപരിഹാരം എങ്ങനെയെന്ന ചോദ്യമാണ് കെ.സിക്കെതിരെ തരൂർ പക്ഷക്കാർ ഉയർത്തുന്നത്. അതേസമയം, തന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്നും വിശദീകരിച്ച കെ.സി, തരൂരുമായുള്ള അനുരഞ്ജന ചർച്ചകൾ തുടരുമെന്ന സൂചന നൽകി.
വിഷയത്തിൽ ഇനി പ്രതികരിക്കേണ്ടെന്ന നേതൃത്വത്തിന്റെ അനൗദ്യോഗിക നിർദേശം. പരസ്യപ്രസ്താവനകൾ തീ അണയ്ക്കാനുള്ള പരിശ്രമം.