ഡൽഹിയിൽ ബി.ജെ.പി സർക്കാരിന്‍റെ സത്യപ്രതിജ്ഞ മറ്റന്നാളുണ്ടായേക്കും. രാംലീല മൈതാനിയിലെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്. ഒരുലക്ഷം പേരെയാണ് സത്യപ്രതിജ്ഞയ്ക്ക് പ്രതീക്ഷിക്കുന്നത്.
മിന്നും ജയം നേടിയെങ്കിലും വോട്ടെണ്ണി ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. എംഎൽഎമാരെ നരേന്ദ്രമോദിക്ക് വിശ്വാസമില്ലാത്തതാണ് തീരുമാനം വൈകാൻ കാരണമെന്ന് എഎപി നേതാവും കാവൽ മുഖ്യമന്ത്രിയുമായ അതിഷി. ഇതിനിടെ രാംലീല മൈതാനിയിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. കസേരകൾവന്നു, ചുവപ്പ് പരവതാനികളുമെത്തി. മൈതാനത്തെ പുല്ല് പറിച്ച് വൃത്തിയാക്കി, നിലമൊരുക്കി. പന്തൽപണിക്ക് മേൽനോട്ടം വഹിക്കുന്ന എലൻ യാദവിനോട് ഒരു ലക്ഷം പേർക്കുള്ള സൗകര്യങ്ങൾ ഒരുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ ബിജെപിയുടെ മുതിർന്ന നേതാക്കളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങിനെത്തും. മൂന്നുതവണ രാംലീലയിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അരവിന്ദ് കേജ്‌രിവാളിനെ ക്ഷണിക്കുമോ ക്ഷണിച്ചാൽ വരുമോ എന്നത് കണ്ടറിയാം.