ഡൽഹിയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ദയനീയ പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസിന് മറ്റൊരു തിരിച്ചടി കൂടി. മത്സരിച്ച 70 സ്ഥാനാര്‍ഥികളില്‍ 67 പേര്‍ക്കും കെട്ടിവെച്ച പണം നഷ്ടമായി. മൂന്നാമതും ഡല്‍ഹിയില്‍ പൂജ്യത്തില്‍ ഒതുങ്ങിയ മുത്തശ്ശി പാര്‍ട്ടിക്ക് വന്‍ പ്രഹരിമായി പുറത്ത് വന്ന കണക്കുകള്‍.
കസ്തൂർബ നഗറിൽ മത്സരിച്ച അഭിഷേക് ദത്ത്, നംഗ്ലോയ് ജാട്ടിൽ മത്സരിച്ച രോഹിത് ചൗധരി, ബദ്‌ലിയിൽ മത്സരിച്ച ദേവേന്ദ്ര യാദവ് എന്നീ കോൺഗ്രസ് സ്ഥാനാർഥികൾക്കു മാത്രമാണു കെട്ടി വച്ച തുക നഷ്ടമാകാതിരുന്നത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെ മത്സരിച്ച 699 സ്ഥാനാർഥികളിൽ 555 പേർക്കും കെട്ടിവച്ച തുക നഷ്ടപ്പെട്ടു. ബിജെപി, എഎപി സ്ഥാനാർഥികൾക്കാർക്കും കെട്ടിവച്ച പണം നഷ്ടപ്പെട്ടിട്ടില്ല.
1951–ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളും തിരഞ്ഞെടുപ്പ് കമ്മീഷനിൽ സെക്യൂരിറ്റി തുകയായി 10,000 രൂപ കെട്ടിവയ്ക്കണം. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സ്ഥാനാർഥികൾ 5,000 രൂപയാണ് കെട്ടിവയ്ക്കേണ്ടത്. ആകെ പോള്‍ ചെയ്യുന്ന വോട്ടിന്‍റെ ആറിലൊന്നെങ്കിലും ലഭിച്ചില്ലെങ്കില്‍ ഈ തുക നഷ്ടമാകും.