atishi-aap

മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയയും പരാജയപ്പെട്ട ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പില്‍  ആംആദ്മിക്ക് നേരിയ ആശ്വാസം. മുഖ്യമന്ത്രി അതിഷി കല്‍ക്കാജി മണ്ഡലത്തില്‍ വിജയിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ബിജെപിയുടെ രമേഷ് ബിധുരിയെ പരാജപ്പെടുത്തി കല്‍ക്കാജിയില്‍ അതിഷി വിജയക്കൊടി നാട്ടിയത്.   

തലസ്ഥാനത്തെ തകർച്ചയ്ക്കു പിന്നാലെ എഎപിക്ക് കനത്ത പ്രഹരമായി അരവിന്ദ് കേജ്‌രിവാളിന്‍റെ തോൽവി. ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപി നേതാവ് പർവേശ് വർമയാണ് മുന്‍ മുഖ്യമന്ത്രിയെ അട്ടിമറിച്ചത്. ജംഗ്‌പുര മണ്ഡലത്തിൽ എഎപി നേതാവ് മനീഷ് സിസോദിയ തോറ്റതും ആംആദ്മിക്ക് കനത്ത തിരിച്ചടിയായി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി ബഹുദൂരം മുന്നിലാണ്.

ദേശീയ പാർട്ടികളുടെ ത്രികോണമത്സരത്തിന് വേദിയായ തലസ്ഥാനത്ത് ലീഡ് നിലയിൽ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപി മുന്നേറ്റം. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെയാണ് എഎപി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി ഭരണം പിടിച്ചത്. എന്നാൽ ഇക്കുറി വോട്ടെണ്ണൽ തുടങ്ങിയത് മുതല്‍ ആംആദ്മി കിതയ്ച്ചു. മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന്‍റേയും മനീഷ് സിസോദിയയുടേയും തോല്‍വികൂടി ആയപ്പോള്‍ എഎപിയ്ക്കു ഇരട്ടി ആഘാതമായി.

ENGLISH SUMMARY:

Atishi secures a win in Kalkaji, bringing some relief to AAP after Kejriwal and Sisodia’s defeats. BJP leads the Delhi elections. Read the latest updates.