ജയിലില്‍ നിന്നിറങ്ങിയ മുന്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും, യമുനയിലെ വിഷംകലക്കല്‍ മുതല്‍ കണ്ണാടിക്കൊട്ടാരം വരെ കൊട്ടിക്കയറിയ പ്രചാരണവിഷയങ്ങള്‍. ഹിന്ദുത്വവും മൃദുഹിന്ദുത്വവും ഏറ്റുമുട്ടുന്ന ഡല്‍ഹിയില്‍ ഇന്ന് കലാശക്കൊട്ട്.
ആപ്പെന്ന ന്യൂ ജെന്‍ പാര്‍ട്ടി രാജ്യതലസ്ഥാനം കൈപ്പിടിയൊലൊതുക്കിയിട്ട് പത്തുവര്‍ഷമായി. കോണ്‍ഗ്രസിന്‍റെ അഴിമതിക്കെതിരെ രൂപം കൊണ്ട ആപ്പിന്‍റെ മുന്‍ നിരനേതാക്കളെ അഴിമതിക്കേസില്‍ അകത്താക്കിയതാകട്ടെ ബിജെപിയും. നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് ആഞ്ഞുപിടിക്കുന്നുണ്ടെങ്കിലും ഡല്‍ഹിയില്‍ ഇക്കുറി ബലാബലം ബിജെപിയും ആപ്പും തമ്മിലാണ്.
മധ്യവര്‍ഗം ഭൂരിപക്ഷമായ ഡല്‍ഹിയില്‍ ഇരുകൂട്ടര്‍ക്കും ശക്തമായ സ്വാധീനമുണ്ട്. കേന്ദ്രബജറ്റില്‍ നടപ്പാക്കിയ ആദായനികുതിയളിവ് വലിയ ശതമാനം വരുന്ന മാസശമ്പളക്കാരുടെ മനസിളക്കിയിട്ടുണ്ടെന്നാണ് ബിജെപിയുടെ ആത്മവിശ്വാസം. എന്നാല്‍ 675 ചേരികളിലും 1700 ജെജ ക്ലസ്റ്ററുകളിലുമായി കഴിയുന്ന മൂന്നുലക്ഷം വരുന്ന ദരിദ്രവിഭാഗത്തിന്‍റെ വോട്ട് നിര്‍ണായകമാണ്. നിലംപൊത്താറായ കൂരകളില്‍ കഴിയുന്ന ഇവര്‍ നേരിടുന്ന വെള്ളമില്ലാത്ത ദിവസങ്ങളും വെള്ളക്കെട്ടും വൈദ്യുതി മുടക്കവും മാലിന്യനിര്‍മാര്‍ജനവുമടക്കമുള്ള പ്രതിസന്ധികള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നുറപ്പാണ്.