ഭരണഘടനയ്ക്കെതിരായ സവര്‍ക്കറുടെ വാക്കുകള്‍ പാര്‍ലമെന്‍റില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്ന് പറഞ്ഞവരാണ് ആര്‍എസ്എസ് നേതാക്കള്‍. മനുസ്മൃതിയാണ് പിന്തുടരേണ്ടതെന്നാണ് സവര്‍ക്കര്‍ പറഞ്ഞതെന്നും രാഹുല്‍ ആരോപിച്ചു. സവര്‍ക്കര്‍ പറഞ്ഞതിനെ പിന്തുണയ്ക്കുന്നുണ്ടോയെന്ന് ബിജെപി പറയണം. ഒരു കൂട്ടം ആശയങ്ങളാണ് ഭരണഘടനയുടെ അന്തസത്ത. അതില്‍ ഗാന്ധിയുടെയും നെഹ്റുവിന്‍റെയും അംബേദ്കറിന്‍റെയും ആശയങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദ്രോണാചാര്യര്‍ ഏകലവ്യന്‍റെ വിരല്‍ മുറിച്ചതു പോലെ ബിജെപി ഇന്ത്യയുടെ വിരല്‍ മുറിക്കുകയാണ്. യുവാക്കളുടെ പ്രതീക്ഷയാകുന്ന വിരലും കര്‍ഷകരുടെ വിരലും മുറിക്കുന്നു. ഹാത്രസില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തവര്‍ സുഖമായി നടക്കുകയാണ്. നാലുവര്‍ഷമായിട്ടും ആ പെണ്‍കുട്ടിയെ പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. യുപിയില്‍ ഭരണഘടനയല്ല, മനുസ്മൃതിയാണ് നടപ്പാക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു. അഗ്നിവീര്‍, ചോദ്യപേപ്പര്‍ ചോര്‍ച്ചകളും സഭയില്‍ രാഹുല്‍ ഉന്നയിച്ചു.