വെടിയേറ്റ് കൊല്ലപ്പെട്ട ബാബാ സിദ്ധിഖിയുടെ മകനും സിറ്റിങ് എംഎൽഎയുമായ സീഷാൻ സിദ്ധിഖി മുംബൈയിലെ ബാന്ദ്ര ഈസ്റ്റിൽ വീണ്ടും പോരാട്ടത്തിന് ഇറങ്ങുന്നു. കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട സീഷാനെ എൻസിപി അജിത് പക്ഷം പാർട്ടിയിലേക്ക് സ്വീകരിച്ചതിന് പിന്നാലെയാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
അജിത് പവാർ നേരിട്ടാണ് സീഷാൻ സിദ്ധിഖിയെ എൻസിപിയിലേക്ക് സ്വീകരിച്ചത്. കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ പിതാവ് ബാബാ സിദ്ധിഖിയുടെ വഴിയെ സീഷാൻ്റെ എൻസിപിയിലേക്കുള്ള പ്രവേശനം വൈകിയിരുന്നു. നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ബിജെപി ക്യാംപിന് വോട്ടുമറിച്ചു എന്നാണ് സീഷാണ് എതിരെയുള്ള ആരോപണം. പിതാവ് ബാബാ സിദ്ധിഖി കൊല്ലപ്പെട്ടതിൽ അതിൻ്റെ സഹതാപം പാർട്ടിക്ക് അനുകൂലമാകുമെന്നാണ് എൻസിപിയുടെ കണക്കുകൂട്ടൽ.
കഴിഞ്ഞ തവണ ശിവസേനയുമായുള്ള നേരിട്ടുള്ള മൽസരത്തിൽ സീഷാൻ മികച്ച വിജയം നേടിയിരുന്നു. ഇക്കുറി കോൺഗ്രസ്, ശിവസേന ഉദ്ധവ് പക്ഷവുമായി സീറ്റ് വച്ചുമാറി. ഉദ്ധവ് താക്കറെയുടെ ബന്ധു വരുൺ സർദേശായി ആണ് കളത്തിൽ. അതേസമയം മുൻ മന്ത്രി നവാബ് മാലിക്കിൻ്റെ മകൾ സന മാലിക്കിന് അണുശക്തി നഗർ മണ്ഡലത്തിൽ എൻസിപി സീറ്റ് നൽകി. കള്ളപ്പണക്കേസിൽ ജയിലിലായ നവാബ് മാലിക്കിനെ ബിജെപിയുടെ എതിർപ്പിനെ തുടർന്നാണ് ഇക്കുറി മാറ്റി നിർത്തിയത്. മാലിക് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നും സൂചനകളുണ്ട്.