2023 ല്‍ ഛത്തിസ്ഗഡെങ്കില്‍ 2024 ല്‍ ഹരിയാന. ഒരു സംസ്ഥാനത്തുകൂടി അപ്രതീക്ഷിത തോല്‍വിയുണ്ടായതോടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ ദുരുപയോഗം ചെയ്യുന്നു എന്ന ഉറച്ച വിശ്വാസത്തിലാണ് പ്രതിപക്ഷം.
ഹരിയാനയിലെ പതിനാറ് മണ്ഡലങ്ങളില്‍ അട്ടിമറി നടന്നു എന്ന വ്യക്തമായ സൂചന പാര്‍ട്ടി നേതൃത്വത്തിന് കിട്ടിയിട്ടുണ്ട്. പലമണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ചെറിയ വോട്ടിന് തോറ്റപ്പോള്‍ തീര്‍ത്തും അപ്രസക്തരായ സ്വതന്ത്രര്‍ക്ക് വീണത് ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം വരെ വോട്ടുകള്‍.
ഉചാന കലാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിജെപിയോട് തോറ്റത് വെറും 32 വോട്ടിന്. ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥി പിടിച്ചത് 31,456 വോട്ടുകള്‍. സോഹ്നയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പതിനോരായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് തോറ്റപ്പോള്‍ സ്വതന്ത്രന്‍ പിടിച്ചത് 49,210 വോട്ടുകള്‍. കല്‍ക്കയില്‍ കോണ്‍ഗ്രസ് തോറ്റത് പതിനായിരത്തിലധികം വോട്ടിന്, സ്വതന്ത്രന്‍ പിടിച്ചത് 31,665 വോട്ടുകള്‍.
ദാദ്രിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെട്ടത് 1957 വോട്ടിന് . രണ്ട് സ്വതന്ത്രര്‍ക്കായി വീണത് ഏഴായിരത്തിലധികം വോട്ടുകള്‍. പത്ത് സീറ്റുകളില്‍ സ്വതന്ത്രര്‍ മൂന്നാം സ്ഥാനത്തെത്തി എന്നതും ദുരൂഹമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.