സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ വസതിയിലെ ഗണപതി പൂജയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി. ബുധനാഴ്ചയാണ് ചീഫ് ജസ്റ്റിസിനും ഭാര്യ കല്‍പനയ്ക്കും ഒപ്പം അദ്ദേഹം ഗണപതി പൂജയില്‍ പങ്കെടുത്തത്. ചീഫ് ജസ്റ്റിസിന്‍റെ വസതിയില്‍ ഗണേശപൂജ നടത്തുന്നതിന്‍റെ ദൃശ്യം പ്രധാനമന്ത്രി അദ്ദേഹത്തിന്‍റെ എക്സ് അക്കൗണ്ടിലൂടെയാണ് പങ്കുവച്ചത്. ചീഫ് ജസ്റ്റിസിന്‍റെ വസതിയില്‍ നടന്ന ഗണേശ പൂജയില്‍ പങ്കെടുത്തുവെന്നും സന്തോഷവും സമൃദ്ധിയും ആയുരാരോഗ്യവും എല്ലാവര്‍ക്കും ഗണപതിയുടെ അനുഗ്രഹത്താല്‍ ലഭിക്കട്ടെ എന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
എന്നാല്‍ വലിയ വിവാദമാണ് പ്രധാനമന്ത്രിയുടെ സ്വകാര്യ സന്ദര്‍ശനത്തെ ചൊല്ലി ഉടലെടുത്തിരിക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ വസതിയില്‍ പ്രധാനമന്ത്രിയെത്തിയത് പരമോന്നത കോടതിയില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസത്തിന് ക്ഷതമേല്‍പ്പിക്കുന്നതാണെന്ന് മുതിര്‍ന്ന അഭിഭാഷകരടക്കം ആക്ഷേപം ഉയര്‍ത്തി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തികച്ചും തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അധികാരകേന്ദ്രങ്ങളുമായി നിശ്ചിത അകലം ജഡ്ജി പാലിക്കേണ്ടതുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ എക്സില്‍ കുറിച്ചു. മോദി വീട്ടിലെത്തി തന്നെ കാണുന്നതിന് ചീഫ് ജസ്റ്റിസ് അനുവദിച്ചത് ഞെട്ടിക്കുന്നതാണെന്നും ഒരു കയ്യകലത്തില്‍ വേണം നീതിന്യായ വിഭാഗം നില്‍ക്കാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുതിര്‍ന്ന അഭിഭാഷകയും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ ഇന്ദിര ജയ്സിങും കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. നീതിന്യായ വിഭാഗത്തിന്‍റെ സ്വാതന്ത്ര്യത്തിന് മങ്ങലേല്‍പ്പിച്ച നടപടിയാണിതെന്നും പ്രധാനമന്ത്രി ചീഫ് ജസ്റ്റിസിന്‍റെ വീട്ടില്‍ സ്വകാര്യ സന്ദര്‍ശനം നടത്തിയതിനെ അപലപിക്കാന്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നീതി നിര്‍വഹണ വിഭാഗവും സര്‍ക്കാരും തമ്മിലുള്ള അതിര്‍വരമ്പുകളെ മായ്ക്കുമെന്നും അത് അപകടകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചീഫ് ജസ്റ്റിസിന്‍റെ സ്വാതന്ത്ര്യത്തിലുള്ള തന്‍റെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അവര്‍ കുറിച്ചു.
വീട്ടിലെത്തിയ മോദിയെ കൂപ്പുകൈകളോടെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡും അദ്ദേഹത്തിന്‍റെ പത്നിയും സ്വീകരിക്കുന്നതും തുടര്‍ന്ന് പ്രധാനമന്ത്രി ഗണേശപൂജ നടത്തുന്നതിന്‍റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.