ഇന്ത്യയുടെ ഭൂമി ചൈന കയ്യേറിയെന്ന വാദം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യുഎസിലെ നാഷണല്‍ പ്രസ് ക്ലബില്‍ സംസാരിക്കവേയാണ് രാഹുല്‍ ആരോപണം ഉയര്‍ത്തിയത്. ലഡാക്കിലെ 4000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം (ഏകദേശം ഡല്‍ഹിയുടെയത്ര വലിപ്പം) ചൈന കയ്യേറിയെന്നും മോദി സര്‍ക്കാര്‍ അതിനെ ചെറുക്കാന്‍ ഒന്നും ചെയ്തില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. രാജ്യത്തെ മാധ്യമങ്ങള്‍ പോലും ഇക്കാര്യം ഗൗരവമുള്ള വിഷയമായി ഉയര്‍ത്തിക്കാട്ടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അമേരിക്കയുടെ 4000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം അയല്‍രാജ്യം കയ്യേറിയാല്‍ എന്താവും പ്രതികരണം? മികച്ച രീതിയില്‍ അത് കൈകാര്യം ചെയ്തിട്ടുണ്ടെന്ന് മാത്രം പറഞ്ഞ് കൈകഴുകിപ്പോകാന്‍ ഏതെങ്കിലും പ്രസിഡന്‍റിന് സാധിക്കുമോ? മോദി ചൈനയെ വേണ്ടത് പോലെ കൈകാര്യം ചെയ്തുവെന്ന് കരുതുന്നില്ലെന്നും ചൈനീസ് പട്ടാളം ഇന്ത്യന്‍ ഭൂമിയില്‍ കഴിയുന്നതിന്‍റെ കാരണം മനസിലാകുന്നില്ലെന്നും രാഹുല്‍ തുറന്നടിച്ചു.
ലഡാക്കില്‍ ഇന്ത്യന്‍ ഭൂമിയിലേക്ക് ചൈന കടന്നുകയറിയെന്ന് കഴിഞ്ഞ വര്‍ഷവും രാഹുല്‍ ആരോപണം ഉന്നയിച്ചിരുന്നു. ലഡാക്കിലെ ചൈനീസ് കയ്യേറ്റത്തെ കുറിച്ച് പ്രധാനമന്ത്രി പ്രതിപക്ഷത്തോടടക്കം നുണ പറയുകയാണെന്നും രാഹുല്‍ ആരോപിച്ചിരുന്നു. ഇന്ത്യന്‍ പോസ്റ്റുകളൊന്നും ചൈന പിടിച്ചെടുത്തിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാദം. കയ്യേറ്റം തിരിച്ച് പിടിക്കുന്നതിന് പകരം മോദി സര്‍ക്കാര്‍ ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണ് ഉണ്ടായതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
ഇന്ത്യയുടെ 2000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ചൈന കയ്യേറിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും നേരത്തെ ആരോപിച്ചിരുന്നു. മാത്രമല്ല, ലഡാക്കിലെ 65 ഇന്ത്യന്‍ പട്രോളിങ് പോസ്റ്റുകളില്‍ 26 ഉം ചൈന പിടിച്ചെടുത്തുവെന്ന ഗുരുതരമായ ആരോപണം അദ്ദേഹം ഉയര്‍ത്തി. അരുണാചല്‍ പ്രദേശിനുള്ളില്‍ 50–60 കിലോമീറ്റര്‍ വിസ്തൃതിയില്‍ ഗ്രാമം നിര്‍മിച്ചിട്ടുണ്ടെന്നും സാറ്റലൈറ്റ് ചിത്രങ്ങളില്‍ ഇക്കാര്യം വ്യക്തമാണെന്നും ജയറാം രമേശ് വാദിച്ചു. അരുണാചലില്‍ നിന്നുള്ള ബിജെപി എംപിയായ തപിര്‍ ഗാ ലോക്സഭയിലും ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കയ്യേറാന്‍ ചൈനയെ അനുവദിച്ചിട്ടില്ലെന്നായിരുന്നു അമിത്ഷായുടെ പ്രതികരണം.