PTI02_27_2024_000350B

മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80-ാം ജന്‍മദിനത്തോട് അനുബന്ധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സ്‌കൂള്‍ കുട്ടികളടക്കമുള്ളവര്‍ക്ക് മുന്നില്‍ അസഭ്യം നിറഞ്ഞ പ്രസംഗം നടത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സോമാജിഗുഡയില്‍ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു അസഭ്യ പരാമര്‍ശങ്ങള്‍. 

സെക്രട്ടേറിയറ്റിന് മുന്നില്‍ രാജീവ് ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ബി.ആര്‍.എസ് വിമര്‍ശിച്ചതാണ് രേവന്ത് റെഡ്ഡിയെ ചൊടിപ്പിച്ചത്.

കെ.സി.ആറിന്റെ പ്രതിമ സ്ഥാപിക്കാനായിരുന്നു ബി.ആര്‍.എസ് നേതാവായ കെ.ടി രാമറാവുവിന്റെ നീക്കമെന്നും രേവന്ത് റെഡ്ഡി പരിഹസിച്ചു. എന്നാണ് രാമറാവുവിന്റെ അച്ഛന്‍ മരിച്ചു പോകുന്നതെന്നും എന്നാണ് പ്രതിമ വരുന്നതെന്നുമായിരുന്നു രേവന്തിന്റെ ചോദ്യം. തെലങ്കാന രക്തസാക്ഷി മണ്ഡപത്തില്‍ രാജീവ് ഗാന്ധിയുടെ പ്രതിമ തന്നെ സ്ഥാപിക്കുമെന്നും അതിന് സമീപം സ്ഥാപിക്കുന്ന പ്രതിമ വരും തലമുറകള്‍ക്ക് പ്രചോദനമാകുന്നവരുടേതാകുമെന്നും ഒരിക്കലും തെലങ്കാനയെ കൊള്ളയടിച്ചവരുടേതാവില്ലെന്നും രേവന്ത് പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപിക്കുന്ന രാജീവ് ഗാന്ധിയുടെ പ്രതിമയില്‍ തൊടാന്‍ ഏതെങ്കിലും ബി.ആര്‍.എസുകാരന്‍ ഒരുമ്പെട്ടാല്‍ ചെരിപ്പൂരി അടിക്കുമെന്നും അസഭ്യവാക്കുകള്‍ ചേര്‍ത്ത് തെലങ്കാന മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്കരികിലെങ്കിലുമെത്തിയാല്‍ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

അസഭ്യപരാമര്‍ശങ്ങളുടെ അകമ്പടിയോടെ രേവന്ത് റെഡ്ഡി നടത്തിയ പ്രസംഗത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. പൊതുജന സമക്ഷം, അതും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ എങ്ങനെയാണ് ഒരു മുഖ്യമന്ത്രിക്ക് ഇത്തരത്തില്‍ സംസാരിക്കാന്‍ കഴിയുകയെന്ന ചോദ്യം ആളുകള്‍ ഉയര്‍ത്തുന്നു. 

അതേസമയം, സെക്രട്ടേറിയറ്റിന് മുന്നില്‍ 'തെലങ്കാന തള്ളി'യുടെ പ്രതിമയാണ് സ്ഥാപിക്കേണ്ടതെന്നും രാജീവ് ഗാന്ധിയുടേതല്ലെന്നും ബി.ആര്‍.എസ് ഉള്‍പ്പടെ അഭിപ്രായം ഉയര്‍ത്തിയിട്ടുണ്ട്. തെലങ്കാനയുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പോരാട്ടത്തിന്റെയും തെലുങ്ക് സ്വത്വബോധത്തിന്റെയും പ്രതീകമാണ് 'മാ തെലുഗു തള്ളികി'യെന്നും അതാണ് ഭാവി തലമുറകളെ പ്രചോദിപ്പിക്കാന്‍ സെക്രട്ടേറിയറ്റിന്റെ മുന്നില്‍ വേണ്ടതെന്നും ചൂണ്ടിക്കാട്ടി സാംസ്‌കാരിക പ്രവര്‍ത്തകരുള്‍പ്പടെ രാഹുല്‍ഗാന്ധിക്ക് നിവേദനം അയച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Telangana CM Revanth Reddy uses derogatory language against KCR infrontof students