ലോക്സഭ പിരിഞ്ഞതിന് പിന്നാലെ പാര്‍ലമെന്‍റിലെ ചായ സല്‍ക്കാരത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. ഇരുസഭകളും നിര്‍ത്തിവച്ചതിന് ശേഷം സ്പീക്കര്‍ ഓം ബിർള എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഫ്ലോർ നേതാക്കളെ പതിവ് ചായ സല്‍ക്കാരത്തിന് ക്ഷണിക്കുകയായിരുന്നു. കേന്ദ്രമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. നേതാക്കള്‍ പരസ്പരം ആശംസകള്‍ കൈമാറുന്നതിന്‍റെയും ഒരുമിച്ചിരുന്ന ചായ കുടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാണ്.
പാർലമെന്‍റിന്‍റെ നിലവിലെ സമ്മേളനം ഓഗസ്റ്റ് 12-ന് അവസാനിക്കാനിരിക്കെയാണ് സഭ നിര്‍ത്തിവച്ചത്. രാജ്യസഭയും നിർത്തിവച്ചു. ശേഷം സംഘടിപ്പിച്ച അനൗപചാരികമായ കൂടിക്കാഴ്ചയില്‍ യുക്രെയ്‌നിലെയും ഗാസയിലെയും നിലവിലെ സാഹചര്യമെന്താണെന്ന് രാഹുൽ ഗാന്ധി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിനോട് ചോദിച്ചു. ഇന്ത്യ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നായിരുന്നു പ്രതിരോധമന്ത്രിയയുടെ മറുപടി.
കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, കിഞ്ചരാപ്പു രാംമോഹൻ നായിഡു, ചിരാഗ് പാസ്വാൻ, പിയൂഷ് ഗോയൽ, എംപിമാരായ സുദീപ് ബന്ദ്യോപാധ്യായ, കനിമൊഴി എന്നിവരും ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തു.