loksabha-file

പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും സഭയില്‍ അവതരിപ്പിച്ച വഖഫ് ബില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് വിട്ടു. പ്രതിപക്ഷത്തിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം. ജെ.പി.സിക്ക് വിട്ടത് പ്രതിപക്ഷത്തിന്റെ വിജയമെന്ന് ഇ.ടി.മുഹമ്മദ് ബഷീറും പ്രതികരിച്ചു. 

വഖഫ് ബില്ലില്‍ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിയത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ മുസ്‌ലിംകളെ ഉള്‍പ്പെടുത്താറുണ്ടോ എന്ന് കെസി വേണുഗോപാല്‍ സഭയില്‍ ചോദിച്ചു. വഖഫ് ബില്‍ ഭരണഘടനയ്ക്കുമേലുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ശക്തമായ ലംഘനമാണു നടക്കുന്നതെന്നു കേരളത്തിൽനിന്നുള്ള എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീറും എൻ.കെ.പ്രേമചന്ദ്രനും പറഞ്ഞു.

മുസ്‌ലിംകളോട് എന്തിന് ഇൗ അന്യായമെന്ന് സമാജ്‌വാദി പാര്‍ട്ടി ചോദിച്ചു. ബില്‍ മതസ്വാതന്ത്ര്യത്തിന് എതിരെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന് ഡിഎംകെയും പറഞ്ഞു. വഖഫ് ബോര്‍ഡ് ആരാധനാലയമല്ലെന്നായിരുന്നു വിമര്‍ശനങ്ങള്‍ക്ക് കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ സിങ്ങിന്റെ മറുപടി. ബില്‍ മുസ്‌ലിം വിരുദ്ധമല്ലെന്നും കേന്ദ്രം മതസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. വഖഫ് ബില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് വിട്ടു. പ്രമേയം അവതരിപ്പിക്കുന്നതിനിടെ ലോക്സഭയില്‍ പ്രതിപക്ഷ ബഹളമുണ്ടായി.

വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെയും ഉള്‍പ്പെടുത്തണമെന്നായിരുന്നു കരട് ബില്ലിലെ നിര്‍ദേശം. ബോര്‍ഡ് അംഗങ്ങളില്‍ ചുരുങ്ങിയത് രണ്ടുപേര്‍ അമുസ്‌‌ലിംകള്‍ ആകണമെന്നും രണ്ട് വനിതാ അംഗങ്ങള്‍ വേണമെന്നുമായിരുന്നു എം.പിമാര്‍ക്ക് നല്‍കിയ കരടിലെ വ്യവസ്ഥകള്‍. ഇതിന് പുറമെ വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനുള്ള നിര്‍ദേശങ്ങളും ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ENGLISH SUMMARY:

Waqf Bill was referred to the Joint Parliamentary Committee.