priyanka-gandi

ഇന്ത്യയുടെ ഉരുക്ക് വനിതയായ ഇന്ദിരയോട് രൂപസാദൃശ്യം, വാക്കുകള്‍ക്ക് വാളിനേക്കാള്‍ മൂര്‍ച്ച, മറുപുറത്ത് നില്‍ക്കുന്നവരെ രാഷ്ട്രീയമായി വെട്ടിലാക്കുന്ന വാക്ചാതുര്യം,  പുഞ്ചിരികൊണ്ട് മാത്രം ജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി , വിശേഷണങ്ങള്‍ക്ക് അതീതയായ കോണ്‍ഗ്രസുകാരുടെ പ്രിയങ്കരിയായ പിജിവി എന്ന പ്രിയങ്ക ഗാന്ധി വാധ്‌ര.

രാജീവ് ഗാന്ധിയുടെ മരണശേഷം പാര്‍ട്ടിയുടെ തലപ്പത്തേക്ക് ഇനിയാരെന്ന ചോദ്യത്തിന് രാഹുലിനുമുന്നേ ഉയര്‍ന്നുകേട്ട പേര് പ്രിയങ്കയുടേതായിരുന്നു. കാലം ഒരുപാട് കഴിഞ്ഞിട്ടും രാഷ്ട്രീയത്തിലിറങ്ങാന്‍ നേരമായിട്ടും അമ്മയും സഹോദരനും നേതൃത്വത്തിലുണ്ടായിട്ടും പ്രിയങ്ക അധികാരകേന്ദ്രങ്ങളില്‍ നിന്ന് വിട്ടുനിന്നു. ബിസിനസുകാരനായ റോബര്‍ട്ട് വാധ്‌രയുടെ പത്നിയായിരിക്കാന്‍ തീരുമാനിച്ചു. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായി. രാഷ്ട്രീയത്തെ അടുത്തുനിന്ന് വീക്ഷിച്ചു.  തിരഞ്ഞെടുപ്പ് കാലങ്ങളില്‍ പാര്‍ട്ടിയുടെ താരപ്രചാരകയായി. പ്രിയങ്കയുടെ ഇന്ദിരാ ശൈലി യുവാക്കളെയും വനിതകളെയും പാര്‍ട്ടിയിലേക്ക് അടുപ്പിച്ചു.

'എന്‍റെ അച്ഛന്‍ രാജീവ് ഗാന്ധിയാണ്, രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചയാളാണ്. ആ സ്ഥാനം ഞാന്‍ മറ്റൊരാള്‍ക്കും നല്‍കില്ല' തനിക്ക് മകളെപ്പോലെയാണ് പ്രിയങ്കയെന്ന് പറഞ്ഞ നരേന്ദ്ര മോദിക്ക് പ്രിയങ്ക ഗാന്ധി വാദ്ര നല്‍കിയ മറുപടിയാണിത്. വാക്കുകൊണ്ട് മാത്രമല്ല പ്രവൃത്തിയിലും പ്രിയങ്ക പക്വത കാട്ടി. കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം നടന്നപ്പോള്‍ ധീരജവാന്‍മാരുടെ ജീവത്യാഗത്തിന് മുന്‍പില്‍ നമിച്ച് ആദ്യ വാര്‍ത്താസമ്മേളനം റദ്ദാക്കി മടങ്ങി, രാഷ്ട്രീയം പറയുന്നില്ലെന്ന് പറഞ്ഞ് ദുഃഖത്തില്‍ പങ്കാളിയായി പുതിയൊരു വഴികാട്ടി.

രാഷ്ട്രീയത്തില്‍ പടവെട്ടി തെളിയാന്‍ വന്ന പ്രിയങ്കക്ക് രാഹുലും കോണ്‍ഗ്രസും ചേര്‍ന്ന് നല്‍കിയത് വലിയ ദൗത്യമാണ്. യുപിയില്‍ മുച്ചൂടുംമുടിഞ്ഞ പാര്‍ട്ടിയെ കെട്ടിപ്പടുക്കുക, ഭരണം തിരികെ പിടിക്കുക അതും യോഗിയുടെയും മോദിയുടെയും യുപിയില്‍. പ്രിയങ്കയ്ക്ക് കൂട്ടിനുണ്ടായിരുന്നത് ജ്യോതിരാദിത്യ സിന്ധ്യ എന്ന യുവ നേതാവ്.

2019 ജനുവരി 23 ന്, കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി രാഷ്ട്രീയത്തിലേക്ക് ചുവടുവക്കുന്ന കാലത്ത് പ്രിയങ്ക കേള്‍ക്കേണ്ടി വന്നത് അത്ര സുഖമുള്ള കാര്യങ്ങളായിരുന്നില്ല. വസ്ത്രധാരണവും മനോനിലയും വരെ ചര്‍ച്ച ചെയ്യപ്പെട്ടു. കുടുംബാധിപത്യത്തിന്റെ പിന്തുടര്‍ച്ചക്കാരിയെന്നും കള്ളപ്പണക്കാരന്‍റെ ഭാര്യയെന്നും വരെ ആരോപണങ്ങള്‍. എന്നാല്‍ ഭര്‍ത്താവിന്റെ പേരില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് നിയമപരമായ അടിത്തറയില്ലെന്ന് തെളിയിച്ച് അവര്‍ സംഘടനാ ചുമതലകള്‍ ഏറ്റെടുത്തു. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം വൈകിയതില്‍ ഈ ആരോപണങ്ങള്‍ക്ക് പങ്കുണ്ടായിരുന്നു എന്നത് വാസ്തവം.

2019 ല്‍ പ്രിയങ്ക രംഗപ്രവേശ സമയത്ത് യുപിയില്‍ കോണ്‍ഗ്രസിന് സ്വന്തമെന്ന് പറയാന്‍ ഉണ്ടായിരുന്നത് രണ്ട് മണ്ഡലങ്ങള്‍ മാത്രം. മാസങ്ങള്‍ക്കിപ്പുറം നടന്ന തിരഞ്ഞെടുപ്പില്‍ അത് ഒന്നിലേക്ക് ചുരുങ്ങി. പരാജയപ്പെട്ടതാകട്ടെ സാക്ഷാല്‍ രാഹുല്‍ ഗാന്ധിയും. 2020 സെപ്റ്റംബർ 11ന് ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി. സ്ത്രീ ശാക്തീകരണത്തിനും രാഷ്ട്രീയപങ്കാളിത്തത്തിനും പ്രാധാന്യം നൽകി അവർ സംസ്ഥാനത്ത്  'ലഡ്കി ഹൂൺ, ലഡ് ശക്തി ഹൂൺ' (ഞാൻ ഒരു പെൺകുട്ടിയാണ്, എനിക്ക് പോരാടാം)  ക്യാംപയിന്‍ ആരംഭിച്ചു.

എന്നാല്‍ 2022ലെ പൊതുതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തോറ്റമ്പി. യോഗി ആദിത്യനാഥ് 251 സീറ്റുകള്‍ നേടി അധികാരത്തില്‍. 105 സീറ്റുകളുമായി എസ്.പി. കോണ്‍ഗ്രസിന് നേടാനായത് രണ്ടേ രണ്ട് സീറ്റ്. ഈ തോല്‍വിയോടെ ഔദ്യോഗികമായല്ലെങ്കിലും പ്രിയങ്ക ചുമതലയില്‍ നിന്ന് അകന്നു. പല പരിപാടികളിലും പ്രിയങ്കയെ കാണാതായി. 2023 ഡിസംബറിൽ ഉത്തർപ്രദേശിന്‍റെ ചുമതല ഒഴിഞ്ഞു. എന്നാല്‍ അതൊരു പിന്‍നടപ്പായിരുന്നില്ല. പിന്നീടിങ്ങോട്ട് രാഹുലിന്‍റെ പോരാട്ടങ്ങളുടെ മുന്‍പന്തിയില്‍ അവരെ കണ്ടു. രാഹുലിനെത്താന്‍ കഴിയാതെപോയ ഇടങ്ങളില്‍ പകരക്കാരിയായി. റായ്ബറേലിയില്‍ രാഹുലിന്‍റെ വിജയമുറപ്പിച്ചു.  

 

ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ മോദി പ്രഭാവം മങ്ങിയതിനുപിന്നില്‍ പ്രിയങ്ക വഹിച്ച പങ്ക് ചെറുതല്ല. സംഘടനാനേതൃത്വത്തില്‍ ഇല്ലാതിരുന്നിട്ടും അമിത് ഷായ്ക്കും നരേന്ദ്ര മോദിക്കും ഇടയ്ക്കിടെ അവരുടെ പേര് ആവര്‍ത്തിക്കേണ്ടി വന്നു. മിക്ക സംസ്ഥാനങ്ങളിലും ഏറ്റവും ആവശ്യമുള്ള പ്രചാരകയായി. സ്ത്രീകളോട് കാട്ടുന്ന മമതയും യുവാക്കള്‍ക്കുവേണ്ടിയുള്ള ശബ്ദവും ശ്രദ്ധിക്കപ്പെട്ടു. ലോക്സഭ തിരഞ്ഞെടുപ്പുഫലം വന്നശേഷം രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന ശ്രദ്ധേയമായിരുന്നു. വാരാണസിയില്‍ പ്രിയങ്ക മല്‍സരിച്ചിരുന്നെങ്കില്‍ മോദി മൂന്നര ലക്ഷം വോട്ടിന് തോല്‍ക്കുമെന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. പ്രിയങ്കയില്‍ കോണ്‍ഗ്രസിനും രാഹുലിനുമുള്ള വിശ്വാസമായിരുന്നു അത്.

രാഷ്ട്രീയത്തില്‍ പടവെട്ടി തന്‍റെ പേര് ജനഹൃദയത്തില്‍ കുറിച്ചിടാന്‍ രാഹുലിന് വേണ്ടി വന്നത് രണ്ട് പതിറ്റാണ്ടാണ്. എന്നാല്‍ പ്രിയങ്കയ്ക്ക അത് വേണ്ടി വന്നില്ല. രാഷ്ട്രീയത്തില്‍ ഒരു പദവിയും വഹിക്കാതിരുന്നിട്ടും പ്രിയങ്ക സ്വന്തം ഇടം ഒരുക്കിയെടുത്തു. വയനാട്ടില്‍ പാര്‍ലമെന്ററി പോരാട്ടത്തിലെ അരങ്ങേറ്റത്തിനൊരുങ്ങുമ്പോള്‍ ആ ഇടം തന്നെയാണ് അവരുടെ കരുത്ത്. രാഹുല്‍ ഗാന്ധി ഒരുക്കിവച്ച മണ്ണില്‍ സ്വന്തം പേരെഴുതാന്‍ പ്രിയങ്കയ്ക്ക് അധികം പ്രയാസപ്പെടേണ്ടിവരില്ല. പക്ഷേ പാര്‍ലമെന്റില്‍ അവരെ കാത്തിരിക്കുന്നത് രാഷ്ട്രീയ എതിരാളികളെ മാത്രമല്ല, പ്രതിപക്ഷനേതാവായ സഹോദരന് തണലാകേണ്ട വലിയ ഉത്തരവാദിത്തം കൂടിയാണ്.

ENGLISH SUMMARY:

Political history of Priyanka Gandhi