നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ലോക്സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. രാജ്യത്തെ പരീക്ഷാ സംവിധാനങ്ങള്‍ പൂര്‍ണമായും താളംതെറ്റിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ആരോപിച്ചു. സമ്പന്നര്‍ക്ക് വിദ്യാഭ്യാസം വിലയ്ക്ക് വാങ്ങാമെന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എന്‍.ഡി.എ റെക്കോര്‍ഡിട്ടെന്നായിരുന്നു അഖിലേഷ് യാദവിന്‍റെ പരിഹാസം. നീറ്റ് പരീക്ഷ നിര്‍ത്തലാക്കണമെന്ന ആവശ്യമാണ് ഡി.എം.കെ ഉയര്‍ത്തിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജി വയ്ക്കണമെന്ന് മാണിക്കം ടാഗോര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിന് തെളിവില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. വിഷയം സുപ്രീംകോടതി നേരിട്ട് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.