ലോക്സഭ തിരഞ്ഞെടുപ്പില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ തിരിച്ചടിക്കു പിന്നാലെ മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ബി.ജെ.പി. ഇതിന്റെ ഭാഗമായാണ് 'സപ്ത സഹോദരിമാരുടെ' ചുമതല മുതിര്‍ന്ന നേതാക്കളായ സംപിത് പാത്രയ്ക്കും വി.മുരളീധരനും നല്‍കിയത്. അനില്‍ ആന്റണിയെ മേഘാലയയുടെയും നാഗാലന്ഡിന്റെയും പ്രഭാരി ആക്കിയതിലൂടെ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ അതൃപ്തി പരിഹരിക്കുകയാണ് ലക്ഷ്യം.
മണിപ്പൂർ, മേഘാലയ, നാഗാലന്‍ഡ്, മിസോറം സംസ്ഥാനങ്ങളില്‍ സമ്പൂര് തോല്‍വിയാണ് എന്‍ഡിഎ ഏറ്റുവാങ്ങിയത്. മേഘാലയയില്‍ ഘടകകക്ഷിയായ എന്‍പിപിക്കും കനത്ത തിരിച്ചടി നേരിട്ടു. രണ്ട് ദശാബ്ധത്തിന് ശേഷം ടുറ സീറ്റ് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. 'കിഴക്കോട്ട് നോക്കൂ ' പരിപാടിയുടെ ഭാഗമായി നടപ്പാക്കിയ വികസനങ്ങൾ വോട്ടാക്കാൻ ബിജെപിക്കായില്ല. ഈ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് വടക്കുകിഴക്ക് പ്രത്യേക ശ്രദ്ധ പതിപ്പിക്കാൻ മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തുന്നത്.
ജ്യോതിരാദിത്യ സിന്ധ്യ സർക്കാരിൽ നിന്നും സംപിത് പാത്രയും വി.മുരളീധരനും പാർട്ടിയിൽ നിന്നും മേഖലയിൽ ക്യാംപ് ചെയ്ത് പ്രവർത്തിക്കും. അസമിലെ ഗുവാഹത്തിയിൽ നിന്നാവും ഏകോപനം. മേഘാലയയിലും നാഗാലന്‍ഡിലും ഭൂരിപക്ഷമുള്ള ക്രിസ്ത്യന്‍ ജനതയെ അടുപ്പിക്കുകയാണ് അനില്‍ ആന്റണിയെ രണ്ടിടങ്ങളിലെയും പ്രഭാരിയാക്കിയതിലൂടെ ലക്ഷ്യമിടുന്നത്. മണിപ്പുര്‍ കലാപം, സി.എ.എ തുടങ്ങി വിവിധ വിഷയങ്ങളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി എന്‍.ഡി.എക്കെതിരെ ഉയര്‍ന്ന വികാരം തണുപ്പിക്കാനും പാര്‍ട്ടി നീക്കം നടത്തുന്നുണ്ട്.