TOPICS COVERED

ശക്തമായ ഭരണ – പ്രതിപക്ഷമുള്ള പതിനെട്ടാം ലോക്സഭയിലെ വനിത എംപിമാരുടെ എണ്ണം നിരാശപ്പെടുത്തുന്നതാണ്. 33 ശതമാനം വനിത പ്രാതിനിധ്യം ഉറപ്പാക്കുന്ന വനിത സംവരണ ബില്‍ പാസാക്കിയ ശേഷവും വനിത എംപിമാരുടെ എണ്ണം 2019ല്‍ നിന്ന് കുറഞ്ഞു. വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കേണ്ടതുണ്ടെന്നും അതിനായി വിജയ സാധ്യതയുള്ള സീറ്റുകള്‍ നല്‍കേണ്ടതുണ്ടെന്നും മൂന്നാം തവണയും മഥുരയില്‍ നിന്ന് ലോക്സഭയിലെത്തിയ ഹേമമാലിനി  മനോരമ ന്യൂസിനോട് പറഞ്ഞു.

മഹുവ മൊയ്ത്രയുടെ വരവ് പ്രതികാര രാഷ്ട്രീയത്തിന്റേതായിരുന്നു. അയോഗ്യയാക്കപ്പെട്ട ശേഷം കരഞ്ഞിറങ്ങിയ പാര്‍ലമെന്റിലെ അതേ വഴികഴിലൂടെ തലയുയര്‍ത്തി മഹുവ നടന്നു. കങ്കണ റണൗട്ട്, ബാന്‍സുരി സ്വരാജ് എന്നിവരുടേത് കന്നി വരവ്, മൂന്നാം തവണയും മഥുരയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതോടെ തഴക്കം വന്ന എംപിയായി ഹേമമാലിനി.  പക്ഷേ മൊത്തം വനിത പ്രാതിനിധ്യത്തിന്റെ കണക്കുകള്‍ ശുഭകരമല്ല. 543 അംഗ സഭയിലുള്ളത് 74 സ്ത്രീകള്‍ അതായത് 13.62 ശതമാനം.  17ആം ലോക്സഭയിലിത് 78 ആയിരുന്നു. 14 ശതമാനം. 

ഏറ്റവും കൂടുതല്‍ വനിത എംപിമാരെ സംഭാവന ചെയ്തിട്ടുള്ളത് ബിജെപിയാണ് 31 പേര്‍. രണ്ടാമത് കോണ്‍ഗ്രസ് 13 പേര്‍. മൂന്നാമതുള്ള തൃണമൂല്‍ കോണ്‍ഗ്രസാകട്ടെ നിര്‍ത്തിയ 11 വനിതകളെയും ജയിപ്പിച്ച് ലോക്സഭയിലെത്തിച്ചു. സംസ്ഥാന തലത്തിലും ബംഗാളാണ് മുന്നില്‍.  സാമൂഹിക പുരോഗതിയില്‍ ഏറെ മുന്നിലുള്ള കേരളത്തില്‍ നിന്നാകട്ടെ ഒരു വനിത പോലും ഇല്ല  സമാജ്വാദി പാര്‍ട്ടിയുടെ 25 വയസുകാരി പ്രിയ സരോജും 29 കാരി ഇഖ്റ ചൗധരിയുമാണ് ഇക്കൂട്ടത്തിലെ പ്രായം കുറഞ്ഞവര്‍. ചെറിയൊരാശ്വാസം നല്‍കുന്ന ഒന്ന് വനിത പ്രാതിനിധ്യത്തില്‍ തുടര്‍ച്ചയായ മുന്നോട്ട് പോക്ക് ഉണ്ട് എന്നതാണ്. 1957ല്‍ 2.9 ശതമാനമായിരുന്നത് 2024 ല്‍ എത്തിന്പോള്‍ ഞെരുങ്ഹിയാണെങ്കിലും പത്തില്‍ എത്തി നില്‍ക്കുന്നു. പാര്‍ലമെന്റിലെ സ്ത്രീ പ്രാതിനിധ്യത്തില്‍ ആഗോള പ്രാതിനിധ്യം നോക്കിയാല്‍ ചൈന പാകിസ്താന്‍ വിയറ്റ്നാം ഫിലിപ്പിന്‍സെല്ലാം കഴിഞ്‍് 185ല്‍ 143ആം റാങ്കാണ് ഇന്ത്യക്ക്.  ദക്ഷിണാഫ്രിക്കയിലെ എംപിമാരില്‍ 46 ശതമാനം സ്ത്രീകളാണ് എന്നോര്‍ക്കണം.

ENGLISH SUMMARY:

Women mp's in the 18th lok sabha