പതിനെട്ടാം ലോക്സഭയുടെ സ്പീക്കറെ കണ്ടെത്താന്‍ വോട്ടെടുപ്പ്. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി ഓം ബിര്‍ലയും ‘ഇന്ത്യാ’ സഖ്യ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കില്ലെന്ന് വ്യക്തമായതോടെയാണ്. ലോക്സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് മല്‍സരം വരുന്നത് തന്നെ അത്യപൂര്‍വമാണ്.
ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഉറപ്പുനല്‍കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രതിപക്ഷവും സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം ഡെപ്യൂട്ടി സ്പീക്കര്‍ പദവി തീരുമാനിക്കാമെന്ന് ഭരണപക്ഷവും നിലപാടെടുത്തതോടെയാണ് സമവായ ശ്രമങ്ങള്‍ പരാജയപ്പെട്ടത്. ഇന്നലെ രാത്രിയും ഇന്നുരാവിലെയും കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷവുമായി തിരക്കിട്ട ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലമുണ്ടായില്ല.
ഓം ബിര്‍ലയെ എന്‍.ഡി.എ. സ്പീക്കര്‍ സ്ഥാനാര്‍ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചതോടെ കൊടിക്കുന്നില്‍ സുരേഷിനെ രംഗത്തിറക്കാന്‍ ഇന്ത്യ സഖ്യവും തീരുമാനിച്ചു. ഇരുവരും നാമനിര്‍ദേശപത്രിക നല്‍കി. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരത്തിന് കാരണം കോണ്‍ഗ്രസിന്‍റെ പിടിവാശിയെന്ന് പീയുഷ് ഗോയല്‍ കുറ്റപ്പെടുത്തി. ഡെപ്യൂട്ടി സ്പീക്കര്‍ ആരെന്നു തീരുമാനിച്ചാല്‍ മാത്രം സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ സമവായം എന്ന നിലപാട് കോണ്‍ഗ്രസ് ശരിയല്ലെന്നും കേന്ദ്രമന്ത്രി. നാളെ പതിനൊന്നിനാണ് സഭയില്‍ വോട്ടെടുപ്പ് നടക്കുക.