മൂന്നാം മോദി സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. അബദ്ധത്തിലുണ്ടാക്കിയ സര്‍ക്കാര്‍ അധികാരത്തില്‍നിന്ന് താഴെപോകുമെന്നും മോദിയുടേത് ന്യൂനപക്ഷ സര്‍ക്കാരെന്നും ഖര്‍ഗെ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്‍ഡിഎ സര്‍ക്കാര്‍ എത്രനാള്‍ നില്‍ക്കുമെന്ന് കണ്ടറിയണമെന്ന് ഉദ്ധവ് താക്കറെയും പറഞ്ഞു.
ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം. ഇതാണ് ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചേര്‍ന്ന ഇന്ത്യ സഖ്യ യോഗത്തിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞത്. ടിഡിപിയെയും ജെഡിയുവിനെയും കൂട്ടിയുള്ള മോദിയുടെ മൂന്നാം ഭരണം അധികകാലം നീളില്ലെന്ന് ഖര്‍ഗെ പറയുന്നു.
മോദി സര്‍ക്കാരല്ല, എന്‍ഡിഎ സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും ഈ സര്‍ക്കാര്‍ എത്രനാള്‍ നിലനില്‍ക്കുമെന്ന് കണ്ടറിയണമെന്നും ഉദ്ധവ് താക്കറെക്കൂടി പറഞ്ഞതോടെ കേന്ദ്രത്തിലെ എന്‍ഡിഎ സഖ്യസര്‍ക്കാരിന്‍റെ ഭാവിയെപ്പറ്റി വലിയ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. അതിനിടെ, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിലും മഹാവികാസ് അഘാഡി സഖ്യം ഒറ്റക്കെട്ടായി മല്‍സരിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. പാര്‍ട്ടി പിളര്‍ത്തിയ ശിവസേന ഷിന്‍ഡെ പക്ഷത്തെയും എന്‍സിപി അജിത് പവാര്‍ വിഭാഗത്തെയും തിരിച്ചെടുക്കില്ല. മോദി റാലി നടത്തിയ സ്ഥലങ്ങളിലെല്ലാം ഇന്ത്യാ സഖ്യം വിജയിച്ചെന്നും ഇതില്‍ മോദിയോട് നന്ദിയുണ്ടെന്നും ശരദ് പവാര്‍ പരിഹസിച്ചു.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 543 അംഗ ലോക്‌സഭയിൽ 293 സീറ്റുകളാണ് എൻഡിഎ നേടിയത്. കഴിഞ്ഞ രണ്ട് തവണയും മികച്ച ഭൂരിപക്ഷം ലഭിച്ച ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 272 സീറ്റില്‍ 240 സീറ്റുകൾ മാത്രമാണ് നേടാനായത്. സഖ്യകക്ഷികളായ എൻ.ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപി, നിതീഷ് കുമാറിന്‍റെ ജെഡിയു (12), ഏക്‌നാഥ് ഷിൻഡെയുടെ ശിവസേന (7), ചിരാഗ് പാസ്വാന്‍റെ ലോക് ജനശക്തി പാർട്ടി-റാം എന്നിവയാണ് ബിജെപിയെ മൂന്നാം തവണയും സർക്കാർ രൂപീകരിക്കാൻ സഹായിച്ചത്.