മണിപ്പുര്‍ സംഘര്‍ഷം തീര്‍ക്കാന്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്‍റെ നിലപാടിനെ രാഷ്ട്രീയമായി ഏറ്റെടുത്ത് പ്രതിപക്ഷം. വിവിധ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയുള്ള സമിതിയില്‍ വിഷയം ചര്‍ച്ചചെയ്യണമെന്നാണ് ആവശ്യം. അതേസമയം, അമിത ആത്മവിശ്വാസമാണ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായതെന്ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിലെ വാക്പോരുകള്‍ തീര്‍ന്നെങ്കില്‍ രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങളില്‍ ശ്രദ്ധിക്കൂ എന്നാണ് ആര്‍എസ്എസ് മേധാവി ബിജെപിക്ക് നല്‍കുന്ന മുന്നറിയിപ്പ്. ഒരു വര്‍ഷമായി മണിപ്പൂര്‍ കത്തുകയാണ്. ഇവിടെ സമാധാനം പുനസ്ഥാപിക്കാന്‍ അടിയന്തരമായി കേന്ദ്രം ഇടപെടണമെന്ന് മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ ശത്രുവായി കാണേണ്ടതില്ലെന്നും അവരുടെ ശബ്ദം കേള്‍ക്കണമെന്നും നിലപാട്. ഇതിനൊപ്പം ബിജെപിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ ലേഖനം വന്നു. ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ ബിജെപി നേതാക്കള്‍ ശ്രമിച്ചില്ല. അമിത ആത്മവിശ്വാസം പാര്‍ട്ടിക്ക് തിരിച്ചടിയായി. ഇനി ആര്‍എസിഎസിന്‍റെ തണല്‍ ആവശ്യമില്ലെന്ന അധ്യക്ഷന്‍ ജെപി.നഡ്ഡയുടെ നിലപാടിനെയും രത്തന്‍ ശാര്‍ദയുടെ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
അതേസമയം, ഇക്കാര്യങ്ങള്‍ രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. മണിപ്പുര്‍ വിഷയം ചര്‍ച്ചചെയ്യാന്‍ വിവിധ പാര്‍ട്ടികളുടെ സമിതി രൂപീകരിക്കണമെന്ന് എന്‍സിപി ശരദ് പവാര്‍ പക്ഷത്തെ സുപ്രിയ സുളെ ആവശ്യപ്പെട്ടു. ജെ.പി.നഡ്ഡയുടെ വിവാദ പരാമര്‍ശത്തില്‍ ബിജെപിക്ക് ഉള്ളില്‍ തന്നെ അതൃപ്തിയുള്ള ഘട്ടത്തില്‍ ആര്‍എസ്എസിന്‍റെ കടുത്ത വിമര്‍ശനത്തെ പാര്‍ട്ടി എങ്ങനെ സ്വീകരിക്കുമെന്നാണ് കണ്ടറിയേണ്ടത്.