മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് കനത്ത സുരക്ഷാവലയത്തിലാണ് രാജ്യതലസ്ഥാനം. ഡല്‍ഹി പൊലീസും എന്‍എസ്ജിയും അര്‍ധസൈനിക വിഭാഗങ്ങളും സംയുക്തമായാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. പലയിടങ്ങളിലും ഗതാഗത നിയന്ത്രണവുമുണ്ട്. ന്യൂഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുന്ന രാഷ്ട്രപതി ഭവന് സുരക്ഷയൊരുക്കുക അഞ്ച് കമ്പനി അര്‍ധ സൈനിക വിഭാഗങ്ങളാണ്. സ്നൈപ്പര്‍ തോക്കുകളുമായി ഉയര്‍ന്ന കെട്ടിടങ്ങളില്‍ എന്‍എസ്ജി കമാന്‍ഡോകളും നിലയുറപ്പിക്കും. അത്യാവശ്യ ഘട്ടത്തില്‍ ഇടപെടാന്‍ ഡല്‍ഹി പൊലീസിന്‍റെ സ്വാറ്റ് ടീം, സിആര്‍പിഎഫിന്‍റെയും സിഐഎസ്എഫിന്‍റെയും ക്വിക്ക് റെസ്പോണ്‍സ് ടീമും സജ്ജം. കവചിത വാഹനങ്ങളില്‍ എന്‍എസ്ജി കമാന്‍ഡോകള്‍ നിരന്തരം റോന്ത് ചുറ്റും.
ഇതിന് പുറമെ ഡ്രോണ്‍, സിസി ടിവി ക്യാമറ നിരീക്ഷണവുമുണ്ടാകും. കര്‍ത്തവ്യപഥ് പൊലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പ്രത്യേക മോണിറ്ററിങ് സൗകര്യമൊരുക്കി. നിലവിലുള്ളതിന് പുറമെ അത്യാധുനികമായ കൂടുതല്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചു. രാഷ്ട്രപതി ഭവന്‍റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവ് നിയന്ത്രിത മേഖലയാക്കി പ്രഖ്യാപിച്ചു. സന്‍സദ് മാര്‍ഗ്, റാഫി മാര്‍ഗ്, റെയ്സീന റോഡ്, രാജേന്ദ്ര പ്രസാദ് റോഡ്, മദര്‍ തെരേസ ക്രസന്‍റ് പാത, സര്‍ദാര്‍ പട്ടേല്‍ മാര്‍ഗ് എന്നിവിടങ്ങളില്‍ വാഹനനിയന്ത്രണമുണ്ടാകും. സത്യപ്രതിജ്ഞ ചടങ്ങിന്‍റെ പാസുള്ള വാഹനങ്ങള്‍ മാത്രമെ ഈ പാതകളിലൂടെ കടത്തിവിടുകയുള്ളു. വിദേശരാജ്യ പ്രതിനിധികളും രാഷ്ട്രതലവന്‍മാരും താമസിക്കുന്ന ഹോട്ടലുകള്‍ കേന്ദ്രീകരിച്ചും പ്രത്യേക സുരക്ഷയൊരുക്കിയിട്ടുണ്ട്.