ഷിന്‍ഡെ ശിവസേന എംപിമാര്‍ക്കൊപ്പം. ചിത്രം ;ANI
തിരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട വിജയം ബി.ജെ.പി സഖ്യത്തില്‍ വിലപേശല്‍ ശക്തി കൂട്ടിയെന്ന വിലയിരുത്തലില്‍ ശിവസേന ഷിന്‍ഡെ വിഭാഗം. മഹാരാഷ്ട്രയിലെ മന്ത്രിസഭാ പുനസംഘടനയില്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ പാര്‍ട്ടി ആവശ്യപ്പെടും. കേന്ദ്രത്തില്‍ ഒരു കാബിനറ്റ് പദവിക്കും രണ്ട് സഹമന്ത്രി സ്ഥാനത്തിനും വേണ്ടിയുള്ള സമ്മര്‍ദം ശക്തമാക്കാനും നേതൃയോഗം തീരുമാനിച്ചു.
ഉദ്ധവ് പക്ഷവുമായി നേരിട്ട് ഏറ്റുമുട്ടിയ 13ല്‍ ഏഴിടത്തും ഷിന്‍ഡെ പക്ഷം വിജയക്കൊടി പാറിച്ചു. മഹാരാഷ്ട്രയില്‍ ബിജെപി അപ്പാടെ അടിപതറിയപ്പോള്‍ പിടിച്ചുനിന്നത് ശിവസേന മാത്രം. എന്‍സിപി അജിത് പക്ഷം തീര്‍ത്തും ദുര്‍ബലമായതിന്‍റെ പ്രയോജനം നേടാനാണ് ഷിന്‍ഡെയുടെ ശ്രമം.
സഖ്യത്തില്‍ മേധാവിത്തം നേടിയാല്‍ നാലുമാസം മാത്രം അകലെയുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് വിലപേശി വാങ്ങാമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. ഏക്നാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെ ആയിരിക്കും ലോക്സസഭാ കക്ഷിനേതാവ്. ശ്രീകാന്തിനെ ആദ്യഘട്ടത്തില്‍ മന്ത്രിയായി അവതരിപ്പിക്കില്ലെന്നും സൂചനകളുണ്ട്.