ജയിലില്‍ കിടന്ന് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചവര്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കുമോ ? വിചാരണ തടവുകാരായി ജയിലില്‍ കഴിയുന്ന ഖലിസ്ഥാന്‍ നേതാവ് അമൃത് പാല്‍ സിങ്ങും കശ്മീരിലെ മുന്‍ വിഘടനവാദി നേതാവ് ഷെയ്ഖ് അബ്ദുല്‍ റാഷിദുമാണ് തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചത്. ഭീകരവാദ കേസിലാണ് രണ്ടുപേരും ജയിലില്‍ കഴിയുന്നത്.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ വെളിച്ചം കാണാതെ അസമിലെ ദിബ്രുഗഡ് ജയിലിലാണ്, വാരിസ് പഞ്ചാബ് ദേ തലവനായ അമൃത്പാല്‍ സിങ്. പിതാവ് വഴി പഞ്ചാബിലെ ഖദൂര്‍ സാഹിദ് മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച അമൃത്പാല്‍ സിങ്, വോട്ടെണ്ണിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചത് രണ്ട് ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിലാണ്. ഖലിസ്ഥാന്‍ നേതാവിന്‍റെ ജയം അക്ഷരാര്‍ഥത്തില്‍ പലരെയും ഞെട്ടിച്ചു. പഞ്ചാബില്‍ മാത്രമല്ല. ജമ്മു കശ്മീരിലുമുണ്ട് ഇങ്ങനെയൊരു ജയം.
എന്‍ജിനീയര്‍ റാഷിദെന്ന് അറിയപ്പെടുന്ന ഷെയ്ഖ് അബ്ദുല്‍ റാഷിദ്, ബാരാമുള്ള സീറ്റില്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുല്ലയെ രണ്ട് ലക്ഷത്തിലേറെ വോട്ടിനാണ് തോല്‍പ്പിച്ചത്. ഭീകരവാദ ഫണ്ടിങ് കേസില്‍ തിഹാര്‍ ജയിലിലാണ് ബാരാമുള്ളയിലെ വിജയി. അമൃത്പാലിനും ഷെയ്ഖ് അബ്ദുല്‍ റാഷിദിനും എംപിമാരായി സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കുമോ? സത്യപ്രതിജ്ഞയ്ക്ക് തടസ്സമൊന്നുമില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളുടെ ഗൗരവം കാരണം സത്യപ്രതിജ്ഞ വിഷയം കോടതി കയറുമെന്നാണ് സൂചന. കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കില്‍ എംപിയായി ജയിച്ചാല്‍ നിയമപരമായ അവകാശമാണ് സത്യപ്രതിജ്ഞ.