rahul-gandhi-politics

2024 ജൂണ്‍ നാല്. ഒരു വലിയ ദീര്‍ഘനിശ്വാസത്തോടെയാണ് ഈ ദിവസത്തെ രാജ്യത്തെ ജനാധിപത്യ, മതേതര വിശ്വാസികള്‍ മറികടന്നത്. അവസാന നിമിഷം ചെങ്കോലും കീരിടവും കയ്യിലെത്താതിരുന്നിട്ടും, രാഹുല്‍ ഗാന്ധി എന്ന രാഷ്ട്രീയ നേതാവ് വലിയൊരു ജനസമൂഹത്തിന് ആശ്വാസവും പ്രതീക്ഷയും പകര്‍ന്ന ദിവസം. അവസാന ലാപ്പിലും ഒട്ടും കിതക്കാതെ രാഹുല്‍ ഗാന്ധി മതേതര ഇന്ത്യക്കായി ഈര്‍ജ്ജസ്വലനായി ഓടി നടന്നു. രാജ്യത്ത് വര്‍ഗീയ വിഷം തുപ്പുന്നവര്‍ക്കെതിരെ ഭരണഘടനയെടുത്ത് പോരാടി. പ്രിയങ്ക ഗാന്ധിയുടെ വാക്കുകള്‍ പോലെ എന്തൊക്കെ തടസമുണ്ടായിട്ടും ഈ ‘സഹോദരന്‍’ പിന്‍മാറിയില്ല, നുണ പ്രചാരണത്തിനിടയില്‍ സത്യത്തിന് വേണ്ടി നിലകൊണ്ടു. ഹൃദയത്തില്‍ സ്നേഹവും സത്യവും ദയയും കൊണ്ട് പോരാടിയതു കൊണ്ടാകാം, ഒടുവില്‍ വിജയം അദ്ദേഹത്തിന്റെ വഴിക്ക് യാത്ര ആരംഭിച്ചു കഴിഞ്ഞു.  

 

കളിയാക്കിയവര്‍ക്കും പരിഹസിച്ചവര്‍ക്കും മുന്നിലൂടെയും നടിവിലൂടെയുമാണ് പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസിന്റെ പതാകയുമായി,  രാഹുല്‍ ഇന്ത്യയാകെ നടന്നുനീങ്ങിയത്. വിദ്വേഷത്തിന് മേല്‍ ചെറുപുഞ്ചിരി കൊണ്ട് ഒരുപറ്റം മതേതര വിശ്വാസികളെ കൂടെ കൂട്ടി. സംഘപരിവാറിനും ബിജെപിക്കുമൊപ്പം അദ്ദേഹത്തെ പപ്പുവെന്ന് ആക്ഷേപിച്ചവരുടെ കൂട്ടത്തില്‍ ഇന്നാട്ടിലെ പുരോഗമന രാഷ്ട്രീയക്കാര്‍ വരെയുണ്ടായിരുന്നു.  നിലയില്ലാ കയത്തില്‍ നിന്ന് കോണ്‍ഗ്രസിനെ പിടിച്ചുകയറ്റിയ രാജകുമാരനാണ് ഇന്ന് ഇന്ത്യാ സഖ്യത്തിന് രാഹുല്‍ ഗാന്ധി‍. രാഹുലിന്‍റെ നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പിന്‍റെ, ഇന്ത്യയാകെ നടന്ന് ഈ മനുഷ്യന്‍ കൊണ്ട വെയിലിന്റെ, മഴയുടെ ഫലം കണ്ടത് ഇന്നലെ പടുകുഴിയില്‍ നിന്ന് ഉയര്‍ത്തേഴുന്നേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ, ജനാധിപത്യ വിശ്വാസികളുടെ കണ്ണിലാണ്. 

20 വര്‍ഷം മുന്‍പ് തുടങ്ങിയതാണ് രാഹുലിന്‍റെ രാഷ്ട്രീയ ജീവിതം. പത്ത് വര്‍ഷം അധികാരത്തില്‍. പത്ത് വര്‍ഷം പ്രതിപക്ഷത്ത്. ഓരോ തകര്‍ച്ചയും വീഴ്ചയും രാഹുല്‍ ഗാന്ധി എന്ന നേതാവിനെ ശക്തനാക്കി കൊണ്ടിരുന്നു. എന്നാല്‍ 2019ല്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന്‍റെ നേതൃപദവി പാര്‍ട്ടിക്ക് മുന്നില്‍ വച്ചൊഴിഞ്ഞ് അയാള്‍ സ്വയം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞിട്ടും പാര്‍ട്ടിയുടെ പരാജയങ്ങളിലെല്ലാം രാഹുല്‍ പഴിക്കപ്പെട്ടു കൊണ്ടിരുന്നു. തലതാഴ്ത്തി അന്നദ്ദേഹം രക്ഷപ്പെട്ട് ഓടിയില്ല. നഗ്നപാതനായി തെരുവീഥികളിലൂടെ നടന്നു. 

ഇവിടെ നിന്നാണ് രാഹുല്‍ തെക്കുനിന്ന് വടക്കോട്ടും കിഴക്കുനിന്ന് പടിഞ്ഞാറേക്കും യാത്ര നടത്തി പാര്‍ട്ടിക്കും രാജ്യത്തെ ഒരു വലിയ വിഭാഗം ജനങ്ങള്‍ക്കും ഉണര്‍വ് നല്‍കിയത്‌. കോണ്‍ഗ്രസെന്നാല്‍ രാഹുലായ കാലമായിരുന്നു ഇത്. മുന്നോട്ടുവയ്ക്കുന്ന ഗ്യാരന്റികളുടെ മുഖമായും രാഹുല്‍ തന്നെ അവതരിപ്പിക്കപ്പെട്ടു. അഞ്ച് വര്‍ഷം പദവികളില്ലാതെ തന്നെ പാര്‍ട്ടിയെ നയിച്ചു. 

അസമത്വത്തിന്‍റെ വര്‍ഗീയതയുടെ ഫാസിസത്തിന്‍റെ വരവിനെ ഓരോ വാക്കുകൊണ്ടും നിരന്തരം രാഹുല്‍ ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു. എതിരാളികള്‍ അദ്ദേഹത്തിനെതിരെ മതം ചേര്‍ത്ത് വിദ്വേഷം വിളമ്പി. അതുകൊണ്ടൊന്നും പക്ഷേ രാഹുലിന്റെ പോരാട്ടങ്ങള്‍ അവസാനിച്ചില്ല. കയറിചെല്ലാവുന്ന ഇടത്തൊക്കെ അദ്ദേഹം ഒറ്റയ്ക്ക് കയറിച്ചെന്നു. ചില വഴികളില്‍ അക്രമികള്‍ കാത്തു നിന്നു. അവര്‍ക്ക് നേരെ നെഞ്ചുവിരിച്ചു നിന്നു. ആയുധങ്ങളില്ലാതെ, വിഷം തുപ്പാതെ തന്‍റെ പ്രസ്ഥാനത്തെ മുന്നില്‍ നിന്ന് നയിച്ചു. ഒറ്റയ്ക്ക് വേട്ടക്കിറങ്ങാന്‍ കഴിയാത്തിടത്ത് കൂട്ടുകെട്ടിന്‍റെ ബലത്തില്‍ ഇന്ത്യക്കായി ഒന്നിച്ചു. തിരഞ്ഞെടുപ്പിന്റെ മുന്നില്‍ വലിയ പാര്‍ട്ടിയെന്ന പഴയ വീമ്പു പറയാതെ വലിയ വലിയ വിട്ടുവീഴ്ചകള്‍ക്ക് തയാറായി. ചരിത്രത്തിലാദ്യമായി 330 സീറ്റുകളില്‍ മാത്രം കോണ്‍ഗ്രസ് ഇക്കുറി മത്സരിച്ചത് രാഹുലിന്‍റെ മാത്രം തീരുമാനമായിരുന്നു.

ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 107 പൊതുപരിപാടികളിലാണ് രാഹുല്‍ പങ്കെടുത്തത്. വയനാട്ടിലും റായ്ബറേലിയിലും ജനവിധിയും തേടി. വേദികളില്‍ ചുവപ്പുചട്ടയുള്ള ഭരണഘടനയുമായി പ്രചാരണം. ഇന്ത്യാസഖ്യത്തെ കേവല ഭൂരിപക്ഷത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും, ദേശീയ രാഷ്ട്രീയത്തിൽ തന്നെ എഴുതിത്തള്ളാനാവില്ലെന്ന സന്ദേശമാണ് രാഹുല്‍ നല്‍കുന്നത്. ആ ആത്മവിശ്വാസമാണ് രാഹുലിനെയും കോണ്‍ഗ്രസിനെയും തലയെടുപ്പോടെ നില്‍ക്കാന്‍ പ്രാപ്തരാക്കുന്നത്.  പദയാത്രയിലൂടെ ആർജിച്ചെടുത്ത രാഷ്ട്രീയ പക്വതയുടെ വിജയമാണു കോൺഗ്രസ് നടത്തിയ മുന്നേറ്റം എന്ന എതിരാളികള്‍ വരെ ഇക്കുറി സമ്മതിക്കുന്നു. പാഴ് നടത്തമെന്നും എന്തിനാണ് വീണ്ടും ഇതെന്നും പലരും ചോദിച്ചിട്ടുണ്ട്, അന്നും ഇന്നും ആ ചോദ്യങ്ങളെ സൗമ്യനായി നേരിട്ടു. ഇന്ന് ആ ചോദ്യത്തിന് ഇന്ത്യന്‍ ജനത തന്നെ ഉത്തരം നല്‍കി. 

2014, 2019 തിരഞ്ഞെടുപ്പുകളിൽ നരേന്ദ്ര മോദിക്കു മുന്നിൽ ദയനീയമായി തോറ്റ രാഹുലിനു നിലനിൽപിന്റെ പോരാട്ടം കൂടിയായിരുന്നു ഇത്. അതിന്‍റെ ആദ്യ പടിയെന്നോണം ആകണം ഇന്ത്യ മുഴുവൻ നടന്ന് ജനമനസ്സിൽ രാഹുല്‍ ഗാന്ധി എന്ന പേര് കോറിയിട്ടത്.  2019 ലെ തോൽവിയുടെ ഉത്തരവാദിത്തമേറ്റെടുത്തു പാർട്ടി പ്രസിഡന്റ് പദമൊഴിഞ്ഞപ്പോൾ രാഹുലിന്റെ പോരാട്ടവീര്യത്തെ ഒരുവേള കോൺഗ്രസുകാർപോലും സംശയിച്ചതാണ്.  ഇനി രാഹുലിനെക്കൊണ്ടു പറ്റില്ലെന്ന് പലരും അടക്കം പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പെടെ വിശ്വസ്തർ പലരും മറുകണ്ടം ചാടി. പാര്‍ട്ടി ഇനി ഉണ്ടാകില്ലെന്നും രാഹുലിന്‍റെ നേതൃത്വം കോണ്‍ഗ്രസിനെ ചാരമാക്കിയെന്നും അങ്ങാടിപ്പാട്ടായി പാടി നടന്നു. അവിടെ ഒന്നും തളരാതെ ഒപ്പമുള്ളവരെ ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോയി ഈ മനുഷ്യന്‍. എന്നിട്ടും അവസാനം നിമിഷം വരെയും കൊഴിഞ്ഞുപോക്ക് തുടര്‍ന്നു. ഒരുപക്ഷേ രാഹുല്‍ അതിനെ കണ്ടത് ശുദ്ധികലശമായി ആയിരിക്കണം. 

സങ്കീര്‍ണ വിഷയങ്ങളും ഒരൊറ്റ മുദ്രാവാക്യവുമായാണ് കഴിഞ്ഞ തവണ പോരാട്ടത്തിന് ഇറങ്ങിയതെങ്കില്‍, ഇത്തവണ കളം മാറ്റിപിടിച്ചു. വിലക്കയറ്റവും തൊഴിലില്ലായ്മയും ഉള്‍പ്പടെ ഇന്ത്യയുടെ ഹൃദയത്തില്‍ തൊടും വിധം പ്രചാരണ വിഷയങ്ങളെ മാറ്റി മറിച്ചു. പല തവണ പ്രചാരണത്തെ വഴിമാറ്റാന്‍ മോദിയടക്കം ശ്രമിച്ചിട്ടും ഇന്ത്യ സഖ്യം കുലുങ്ങിയില്ല. അങ്ങനെ പ്രചാരണത്തിലുടനീളം ഇക്കുറി മോദിക്കും അമിത് ഷായ്ക്കും കയറിക്കളിക്കാന്‍ ഇടം നല്‍കാതിരുന്ന ചടുല നീക്കങ്ങളായിരുന്നു 

പ്രചാരണത്തിന് ഇറങ്ങും മുന്നേ രാഹുലിനെ ഇന്ത്യ കണ്ട, തൊട്ടറിഞ്ഞ ഒരു നിമിഷമുണ്ടായിരുന്നു. കലാപങ്ങള്‍ അതിരുകടന്ന, പെണ്ണിന്‍റെ മാനത്തിന് വരെ വിലപറഞ്ഞ, മനുഷ്യനെ പച്ചക്ക് കത്തിച്ച മണിപ്പൂരില്‍. തടയാന്‍ ഒരുപാട് ശ്രമിച്ചിട്ടും രാജ്യത്തിന്‍റെ കാവല്‍ക്കാരന്‍ മണിപ്പൂരിന്‍റെ കണ്ണീരൊപ്പാന്‍ കയറിച്ചെന്നു. അവരെ കേട്ടു, ആശ്വസിപ്പിച്ചു. അപ്പോഴും ഓര്‍ക്കേണ്ടത് ഇന്ത്യയുടെ പ്രധാനമന്ത്രി, ഒരുപക്ഷേ മൂന്നാമത്തെയും പ്രധാനമന്ത്രി ഇന്നിതുവരെയും രാജ്യത്തിന്‍റെ ഒരറ്റത്ത് കേഴുന്ന ആ ജനതയെ കേള്‍ക്കാനോ കാണാനോ തയാറായിട്ടില്ല. 

‍ഭരണഘടന കയ്യിലേന്തി നീതിയെയും ന്യായത്തെയും കുറിച്ച് ഓർമപ്പെടുത്തി ഹിന്ദി ഹൃദയഭൂമിയെ രാഹുലും സംഘവും കയ്യടക്കുമെന്ന് ബിജെപി ഒരിക്കലും കരുതിക്കാണില്ല. അമേഠിയിൽ തോറ്റ രാഹുലിനു ഹിന്ദി ഹൃദയഭൂമിയിൽ പിടിച്ചുനിൽക്കാനാവില്ലെന്നും അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. വയനാട്ടില്‍ മല്‍സരിച്ചപ്പോള്‍ സുരക്ഷിത മണ്ഡലം തേടി ഒളിച്ചോടിയെന്ന് പരിഹസിച്ചു. അവര്‍ക്ക് മുന്നില്‍ രണ്ടിടത്തും നേടിയ ലക്ഷങ്ങളുടെ ഭൂരിപക്ഷമാണ് മറുപടി. 

ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തിയായി വളര്‍ന്നെന്ന് തോന്നിച്ച നരേന്ദ്രമോദി എന്ന അതികായനെ, വോട്ടെണ്ണലിനിടെ പലകുറി വിറപ്പിക്കാന്‍ കാരണക്കാരന്‍ പ്രധാനമായും ഈ മനുഷ്യന്‍ തന്നെ. ഈ മനുഷ്യന്റെ നിരന്തര സംസാരങ്ങള്‍ രാജ്യത്തെ ജനതയുടെ മനസ്സില്‍ ബാക്കിയാക്കിയ തോന്നലുകളുടെ ഫലമാണ് പുതിയ പാര്‍ലമെന്റില്‍ വലിയൊരു ആള്‍ക്കൂട്ടമായി ഇന്ന് വളര്‍ന്ന പ്രതിപക്ഷനിര. ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന പ്രവചനങ്ങളെ നടന്നുതോൽപിച്ച്, മുന്നോട്ടുള്ള യാത്രയ്ക്ക് ഊർജം സമ്പാദിച്ചിരിക്കുന്നു രാഹുൽ. ജനകീയമായ പോരാട്ടങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കാന്‍ ഇനിയും രാഹുലുണ്ടാകുമെന്ന് ഉറപ്പുള്ളൊരു ജനതയുണ്ട് ഇന്ന് രാജ്യത്ത്. അതാണ് രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും വലിയ സമ്പാദ്യം. രാഷ്ട്രീയ ദാര്‍​​ഢ്യവും ഒപ്പം ഈ മനുഷ്യന്‍ പ്രസരിപ്പിക്കുന്ന കരുണയും ഊര്‍ജ്ജവും കനിവുമെല്ലാം രാജ്യത്തെ വഴിനടത്തുമെന്ന് ആ ജനത ഉറച്ചു വിശ്വസിക്കുന്നു, അതുകൊണ്ടുതന്നെ അവരുടെ ഹൃദയത്തിലാണ് ഈ മനുഷ്യന് സ്ഥാനം.

ENGLISH SUMMARY:

A king without a crown & sceptre: Rahul Gandhi, a political chapter