TOPICS COVERED

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മഹാരാഷ്ട്രയിലെ ബിജെപി സഖ്യത്തിൽ നാടകീയ നീക്കങ്ങൾ. അജിത് പവാർ വിഭാഗം എൻസിപി, തിരിച്ച് ശരദ് പവാർ‌ ക്യാംപിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. അതിനിടെ, തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി പദം ഒഴിയാമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. 

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത ആഘാതം മഹായുതിയെ പിടിച്ചുലയ്ക്കുയാണ്. ബിജെപി സഖ്യത്തിന് ഇക്കുറി 24 സീറ്റുകളാണ് നഷ്ടമായത്. തിരഞ്ഞെടുപ്പിന് ചുക്കാൻപിടിച്ച താൻ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ദേവേന്ദ്ര ഫഡ്നാവിസ്. ഉപമുഖ്യമന്ത്രി പദം രാജിവയ്ക്കാൻ തയാറെന്ന് ദേശീയ നേതൃത്വത്തെ ഫ‍ഡ്നാവിസ് അറിയിച്ചു. സാധാരണ പ്രവർത്തകനായി തുടരുന്നതിൽ ബുദ്ധിമുട്ടില്ല. എന്നാൽ തോൽവിയിൽ മൂന്ന് പാർട്ടികൾക്കും ഒരുപോലെ ഉത്തരവാദിത്തം ഉണ്ടെന്നായിരുന്നു മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ പ്രതികരണം. 

രാജി ആവശ്യം തള്ളിയ ഷിൻഡെ സർക്കാർ ശക്തമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞു. അതിനിടെ ഉപമുഖ്യമന്ത്രി അജിത് പവാർ ശരദ് പവാറിൻറെ എൻസിപി ക്യാംപിലേക്ക് മടങ്ങുമെന്ന അഭ്യൂഹം ശക്തമായി. അജിത് പക്ഷത്തെ 19 എംഎൽഎമാർ ഏതുസമയവും തിരിച്ചെത്താമെന്ന ശരദ് പവാർ വിഭാഗം എംഎൽഎ രോഹിത് പവാറിൻറെ വാക്കുകളാണ് ചർച്ചയായത്. 

ബാരാമതിയിലെ പവാർ കുടുംബങ്ങളുടെ പോരാട്ടത്തിൽ ഭാര്യ സുനേത്ര പവാർ തോറ്റത് അജിത് പവാറിന് കനത്ത തിരിച്ചടിയായിരുന്നു. ഒരൊറ്റ സീറ്റുമാത്രമാണ് പാർട്ടിക്ക് ഇക്കുറി കിട്ടിയത്. നാലുമാസം മാത്രം അകലെയുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കാര്യമായ സീറ്റ് നൽകാതെ ഒതുക്കുമെന്ന ഭയവും അജിത് പവാറിനുണ്ട്. അങ്ങനെ ഒരു രാഷ്ട്രീയ മടക്കമുണ്ടായാൽ പാർട്ടി പിളർത്തിയ ബിജെപിക്ക് അത് വലിയ പ്രഹരമാകും.