നാളത്തെ വോട്ടെണ്ണല്‍ ഫലം രാജ്യത്തിന്‍റെ ഭരണം മാത്രമല്ല ചില രാഷ്ട്രീയ നേതാക്കളുടെ  ഭാവികൂടി നിശ്ചയിക്കുന്നതാണ്. സംസ്ഥാന രാഷ്ട്രീയത്തിലെയും ദേശീയ രാഷ്ട്രീയത്തിലെയും നിര്‍ണായക ശബ്ദമായ  പല നേതാക്കളുടെയും തകര്‍ച്ചക്കും തിരിച്ചുവരവിനും ലോക്സഭാ - നിയമസഭാ ഫലങ്ങള്‍ ഇടയാക്കും. നോക്കാം ആര്‍ക്കൊക്കെയാണ് നിര്‍ണായകമെന്ന് . 

ആര് ഭരിക്കും എന്നതുപോലെ  ആകാംഷ ഉണര്‍ത്തുന്നതാണ് ഇന്ത്യ രാഷ്ട്രീയത്തില്‍ നാളെ മുതല്‍   ആരൊക്കെ വാഴും ആരൊക്കെ വീഴും എന്നത്.  പല പ്രഖുഖ നേതാക്കളുടെയും അവര്‍ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും വിധി കൂടിയാണ് നാളെ പ്രഖ്യാപിക്കപ്പെടുക . രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ  ഉത്തര്‍പ്രദേശിന്‍റെ മുഖ്യമന്ത്രി പദം  അലങ്കരിച്ചിരുന്ന മായാവതിയാണ് പട്ടികയില്‍ ആദ്യം.  അടുത്ത നിയമസഭയില്‍ ശ്രദ്ധകൊടുക്കാന്‍ വേണ്ടി ലോക്സഭയില്‍ അധികം ഊര്‍ജം പാഴാക്കിയില്ലെന്നാതാണ് അവരുടെ വാദം. എന്നാലും 80 സീറ്റുകളില്‍ മല്‍സരിക്കുന്ന ബിഎസ്പിയുടെ ഫലം മായാവതിയുടെ രാഷ്ട്രീയഭാവി നിശ്ചയിക്കുന്നതാണ്. കളംമാറി ചവിട്ടുന്നതില്‍ ഡോക്ടറേറ്റുള്ള നിതീഷ് കുമാറിന്‍റെ രാഷ്ട്രീയ ജീവിതത്തിന് കര്‍ട്ടണ്‍ വീഴുമോ എന്ന് നിശ്ചയിക്കുന്നതില്‍   ബിഹാര്‍ ഫലം നിര്‍ണായകമാണ് . ജെഡിയുവിന്‍റെ സീറ്റുകള്‍ കുറഞ്ഞാല്‍ നീതീഷ്കുമാറിന്‍റെയും  ജെഡിയുവിന്‍റെയും വിലപേശല്‍ ശക്തി കുറയും.  വരുന്ന നിയമസഭ തിരഞ്ഞെടുപ്പോടു കൂടി ബിഹാര്‍ രാഷ്ട്രീയത്തില്‍ നിന്നും അധികാരത്തില്‍ നിന്നും പുറത്തുംപോകാനുള്ള സാധ്യതയും തള്ളികളയാനാവില്ല. 

കേവലം പ്രാദേശിക പാര്‍ട്ടിയായാല്‍ പോരാ ദേശീയരാഷ്ട്രീയത്തെ നിയന്ത്രിക്കണമെന്ന കരുതി ടിആര്‍എസിന് ബിആര്‍എസ് എന്ന് പേരുമാറ്റിയ ചന്ദ്രശേഖര്‍ റാവുവാണ് ഇക്കൂട്ടിലുള്ള മറ്റൊരാര്‍.  തെലങ്കാനയില്‍ അധികാരം നഷ്ടമായതോടെ അണികള്‍ ബിജെപിലേക്കും കോണ്‍ഗ്രസിലേക്കും ചേക്കേറി തുടങ്ങി. മകള്‍  കെ കവിത ഡല്‍ഹി മദ്യഅഴിമതിയില്‍ ജയിലിലുമാണ്.  തെലങ്കാനയിലെ 17 സീറ്റുകളിലും മല്‍സരിക്കുന്ന ബിആര്‍എസിന് അടിപതറിയാല്‍  ചന്ദ്രശേഖര്‍ റാവു യുഗം അവസാനിച്ചു എന്ന് കരുതണം.  പ്രത്യേക രാഷ്ട്രീയ ആദര്‍ശം ഒന്നിമില്ലാത്ത ചന്ദ്രബാബു നാഡിയുവിനും ലോക്സഭാ ഫലവും നിയസഭാ ഫലവും നിര്‍ണാകമാണ് .  ജഗന്‍ സര്‍ക്കാരിനെ വീഴ്ത്തില്‍ ആന്ധ്രയില്‍ ബിജെപി–ടിഡിപി സഖ്യം വിജയക്കൊടി പാറിച്ചാല്‍ ചന്ദ്രബാബു നായിഡുവിന്‍റെ തിരിച്ചുവരവാകും . 

രണ്ടു പാര്‍ട്ടികള്‍ നാലായി മാറിയ ശിവസേനയുടെയും  എന്‍സിപിയുടെയും തലവന്‍മാരും  അഗ്നപരീക്ഷനേരിടുകയാണ്.  വിജയം ശരത് പവാറിനാണെങ്കില്‍ അജിത് പവാര്‍ നിഷ്പ്രഭനാവുകയും അണികള്‍ ശരത് പവാറിലേക്ക് തിരികെ എത്തുകയും ചെയ്യും .  തിരിച്ചാണെങ്കില്‍ ശരത് പവാര്‍ യുഗത്തിന് അന്ത്യമാവും. ശിവസേന രാഷ്ട്രീയത്തില്‍ ഇനി  ഉദ്ധവ് താക്കറോയോ ഏകനാഥ് ഷിന്‍ഡയോ എന്നതും  നാളത്തെ ഫലം നിശ്ചയിക്കും. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയാണെങ്കില്‍ ഉദ്ധവ് താക്കറെ കരുത്തനാവും.  പ്രജുല്‍ രേവണ്ണ വിവാദത്തോടെ പ്രതിസന്ധിയിലായ ജെഡിസിനും കുമാരസ്വാമിക്കും ഫലം ജീവവായുവാണ്.  ഒഡീഷയില്‍ നവീന്‍ പട്നായിക്കിന്‍റെ വിധിയും ലോക്സഭാ ഫലത്തിനൊപ്പം നാളെ വരാന്‍ പോകുന്ന  അവിടുത്തെ നിയമസഭാ ഫലത്തെക്കൂടി ആശ്രയിച്ചാണ്.  ബിജെപി 80 സീറ്റുവരെയാണ് ഒഡീഷ നിയമസഭയില്‍ പ്രവചിക്കപ്പെടുന്നത്.  ബിജെഡിയെ പിളര്‍ത്താനുള്ള ബിജെപി നീക്കം വിജയിച്ചാല്‍ നവീന്‍പട്നായിക് യുഗത്തിനും അന്ത്യമാവും. ജയില്‍കിടക്കുന്ന അരവിന്ദ് കേജ്​രിവാളിന്‍റെ രാഷ്ട്രീയ ഭാവിയും പഞ്ചാബിലെയും ഡല്‍ഹിയിലെയും ലോക്സഭാ ഫലങ്ങളെ ആശ്രയിച്ചിരിക്കുന്നു.  മമതാ ബാനാര്‍ജിക്കും ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. 31 സീറ്റ് വരെ ബിജെപി ബംഗാളില്‍ പിടിച്ചാല്‍ , മമതാ ബാനാര്‍ജിയുടെ രാഷ്ട്രീയജീവിതത്തിന് മങ്ങലേല്‍ക്കും. 

ENGLISH SUMMARY:

Tomorrow's vote count will determine the future leaders