കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കലക്ടര്‍മാരുമായും ജില്ലാ മജിസ്ട്രേറ്റുമാരുമായും സംസാരിച്ചുവെന്ന ആരോപണത്തില്‍ ഇന്നു തന്നെ വസ്തുതകള്‍ നല്‍കാന്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ അന്ത്യശാസനം. ഒരാഴ്ച്ച സമയം അനുവദിക്കണമെന്ന ജയറാം രമേശിന്‍റെ ആവശ്യം തള്ളി. ഇന്ന് മറുപടി നല്‍കിയില്ലെങ്കില്‍ ജയറാം രമേശിന്‍റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് വിലയിരുത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. അമിത് ഷാ സംസാരിച്ചത് തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നാണ് ജയറാം രമേശിന്‍റെ ആരോപണം. 150 ഒാളം ഉദ്യോഗസ്ഥരുമായി അമിത് ഷാ സംസാരിച്ചതായും ജയറാം രമേശ് അവകാശപ്പെട്ടു.
ശനിയാഴ്ചയാണ് ജയറാം രമേശ് അമിത് ഷാക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ആഭ്യന്തരമന്ത്രി കളക്ടർമാരെ വിളിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ 150 പേരുമായി സംസാരിച്ചുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഇത് നഗ്നമായ ഭീഷണിയാണ്. ബിജെപി എത്രമാത്രം നിരാശയിലാണെന്ന് ഇത് കാണിക്കുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.