2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാംതവണയും എന്‍ഡിഎ മുന്നണി അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങളോട് പ്രതികരിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. വ്യാജ മാധ്യമപ്രവര്‍ത്തകരുടെയും എന്തും വിളിച്ചുപറയുന്ന രാഷ്ട്രീയക്കാരുടെയും ജല്‍പ്പനങ്ങളില്‍ സമയം നഷ്ടപ്പെടുത്തരുതെന്നാണ് പ്രശാന്ത് കിഷോര്‍ പറയുന്നത്.
ഇന്ത്യ ടുഡേ–മൈ ആക്സിസ് സര്‍വേ പ്രകാരം 361 മുതല്‍ 401 സീറ്റുവരെ എന്‍ഡിഎ നേടുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. ഇന്ത്യ മുന്നണി 166 സീറ്റുവരെ നേടുമെന്നും എക്സിറ്റ് പോള്‍ പ്രവചിച്ചു. സമാനമായ രീതിയില്‍ തന്നെയായിരുന്നു മറ്റ് ദേശീയ മാധ്യമങ്ങളുടേയും പ്രവചനം. ഇതാണ് ട്രെന്‍ഡെങ്കില്‍ നരേന്ദ്രമോദിയുടെ മൂന്നാമൂഴമാകും ഇനി കാണാന്‍ പോകുന്നത്. ഈ സാഹചര്യത്തിലാണ് എക്സിറ്റ് പോളുകളോടുള്ള തന്റെ പ്രതിഷേധം പ്രശാന്ത് തുറന്നുപറഞ്ഞത്.
‘ഒരു കാര്യവുമില്ലാത്ത വാക്കുകളും പ്രവചനങ്ങളുമാണ്, വ്യാജ മാധ്യമപ്രവര്‍ത്തകരും ചുമ്മാ ഒച്ചയെടുത്ത് സംസാരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരും, നിങ്ങളുടെ വിലയേറിയ സമയം ഈ എക്സിറ്റ് പോളുകള്‍ കണ്ടും കേട്ടും വിശ്വസിച്ചും കളയരുതെന്നാണ് ’പ്രശാന്ത് കിഷോര്‍ പറയുന്നത്. എക്സ് പ്ലാറ്റ്ഫോമിലാണ് പ്രശാന്ത് കിഷോര്‍ തന്റെ അഭിപ്രായം പങ്കുവച്ചത്.
ഇന്ത്യ ന്യൂസ് –ഡി ഡയനാമിക്സ്, റിപ്പബ്ലിക് ടിവി, റിപ്പബ്ലിക് ഭാരത് മാട്രിസ്, ജന്‍കി ബാത് ഉള്‍പ്പടെയുള്ള ദേശീയമാധ്യമങ്ങളെല്ലാം തന്നെ എന്‍ഡിഎ മുന്നണിക്കാണ് മുന്‍തൂക്കം നല്‍കിയത്. ബിജെപി–എന്‍ഡിഎ സഖ്യം 365 സീറ്റുകള്‍ വരെ നേടുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം.