ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. 75 ദിവസത്തില്‍ കാടിളക്കിയുള്ള മാരത്തണ്‍ പ്രചാരണപരിപാടികള്‍. റാലിയും റോഡ് ഷോയും അടക്കം 206 പ്രചാരണ പരിപാടികളില്‍ പങ്കെടുത്തു. 15 ദിവസത്തെ പ്രചാരണത്തില്‍ മോദി സ്വന്തം പേര് 758 തവണ പറഞ്ഞുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പരിഹസിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പേ ബിജെപിയും നരേന്ദ്ര മോദിയും തിരഞ്ഞെടുപ്പ് മൂഡിലായിരുന്നു. പ്രഖ്യാപനത്തോടെ പ്രചാരണം തീവ്രമായി. രാജ്യത്തിന്‍റെ തെക്കേ അറ്റത്തെ കന്യാകുമാരിയില്‍ മാര്‍ച്ച് 15ന് നടന്ന റാലിയോടെ തുടക്കം. മേയ് 30ന് പഞ്ചാബിലെ ഹോഷിയാര്‍പുരില്‍ പര്യവസാനം. കന്യാകുമാരിയിലെ ധ്യാനത്തോടെ വൃത്തം പൂര്‍ത്തിയായി. റാലിയും റോഡ് ഷോയും അടക്കം 206 പ്രചാരണ പരിപാടികളില്‍ 75 ദിവസത്തിനിടെ പങ്കെടുത്തു. ശരാശരി ഒരു ദിവസം മൂന്നില്‍ അധികം പരിപാടികള്‍. യുപി, ബിഹാര്‍, മഹാരാഷ്ട്ര, ബംഗാള്‍. ഈ നാല് സംസ്ഥാനങ്ങളിലായിരുന്നു ഏറ്റവും അധികം പരിപാടികള്‍. യുപിയില്‍ 31. ബിഹാറില്‍ 20. മഹാരാഷ്ട്രയില്‍ 19. മഹാരാഷ്ട്രയില്‍ 2019ലേതിനേക്കാള്‍ ഇരട്ടിയോളം. കൊല്‍ക്കത്തയിലെ വമ്പന്‍ റോഡ് ഷോ അടക്കം ബംഗാളില്‍ 18 പരിപാടികള്‍. 15 ദിവസത്തെ പരിപാടിക്കിടെ 232 തവണ കോണ്‍ഗ്രസിന്‍റെയും 573 തവണ ഇന്ത്യ മുന്നണിയുടെയും പേര് പറഞ്ഞതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പരിഹാസം.
ഇത്തവണ മുന്നേറ്റം പ്രതീക്ഷിക്കുന്ന ദക്ഷിണേന്ത്യയിലും മോദി പ്രചാരണത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി. 35 പരിപാടികള്‍. കര്‍ണാടകയിലും തെലങ്കാനയിലും 11 വീതം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം കേരളത്തില്‍ പാലക്കാടും കുന്നംകുളത്തും കാട്ടാക്കടയിലുമാണ് മോദി പ്രചാരണത്തിന് എത്തിയത്. നവീന്‍ പട്നായിക്കിന്‍റെ തട്ടകമായ ഒഡീഷയില്‍ 10 പരിപാടികളില്‍ പങ്കെടുത്ത മോദി ജൂണ്‍ 10ന് ബിജെപി മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്നും പ്രഖ്യാപിച്ചു.