വോട്ടെണ്ണും മുമ്പേ ഫലമറിയാനുള്ള ആകാംഷ തീര്‍ക്കാന്‍ മൂന്നു വഴികളുണ്ട്. 1. അഭിപ്രായ സര്‍വേകള്‍ 2. എക്സിറ്റ് പോളുകള്‍ 3. വിദഗ്ധരുടെ നിരീക്ഷണങ്ങള്‍. ഇവയെങ്ങനെയാണ് തിരഞ്ഞെടുപ്പ് സാധ്യതകള്‍ കണ്ടെത്തുന്നത്? ഇപ്പറയുന്ന സാധ്യതകളുടെ വിശ്വാസ്യതയെത്ര? വിഡിയോ കാണാം:
മൂന്നാമത് പറഞ്ഞതില്‍ നിന്ന് തുടങ്ങാം. വിദഗ്ധരുടെ നിരീക്ഷണങ്ങള്‍. ഈ വിദഗ്ധരുടെ നിലവിലെ രാഷ്ട്രീയവും സെഫോളജിയിലെ വൈദഗ്ധ്യവും മനസ്സിലാക്കി വേണം അവര്‍ പറയുന്നതിന് വില കൊടുക്കാന്‍ . 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്ന പ്രവചനത്തില്‍ രാജ്യം കൂടുതല്‍ ശ്രദ്ധിച്ച നാലുപേര്‍ പറഞ്ഞത് ഇങ്ങനെ...
1. യോഗേന്ദ്രയാദവ്– 'ബിജെപി ഇത്തവണ 300 കടക്കില്ല. കേവലഭൂരിപക്ഷമായ 272 ലേക്ക് എത്താൻ നന്നേ ബുദ്ധിമുട്ടും.'
സിഎസ്ഡിഎസ് എന്ന പ്രശസ്ത ഇലക്ഷന്‍ വിശകലന സ്ഥാപനത്തിന്‍റെ മുഖമായിരുന്ന യോഗേന്ദ്ര ആംആദ്മി പാര്‍ട്ടിയിലുണ്ടായിരുന്നു. നിലവില്‍ സ്വരാജ് ഇന്ത്യ എന്ന രാഷ്ട്രീയ കക്ഷിയില്‍. ഇന്ത്യാ ബ്ലോക്കുമായി സഹകരിക്കുന്നയാളാണ്.
2. പ്രശാന്ത് കിഷോര്‍ –' 2019 ലെ പ്രകടനം ബിജെപി ആവര്‍ത്തിക്കും. 300 ല്‍ കൂടുതല്‍ സീറ്റു നേടും. എന്നാല്‍ 370 കടക്കില്ല'.
തിരഞ്ഞെടുപ്പ് തന്ത്രഞ്ജനെന്ന നിലയില്‍ ബിജെപി , കോണ്‍ഗ്രസ്, ആപ്, ഡിഎംകെ തുടങ്ങി മുഖ്യപാര്‍ട്ടികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചയാളാണ് പ്രശാന്ത് കിഷോര്‍ എന്ന പികെ. ജനസുരാജ് എന്ന പാര്‍ട്ടി സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്നു. ബിജെപിക്കു വേണ്ടിയാണ് പികെ പ്രവചനം നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് ആക്ഷേപം.
3. പ്രദീപ് ഗുപ്ത – 'ബിജെപിക്ക് 303 സീറ്റ് ലഭിച്ച 2019 ലെ സ്ഥിതി തുടരും. മഹാരാഷ്ട്രയിൽ എന്‍ഡിഎ സഖ്യത്തിന് കടുകട്ടി മല്‍സരമാണ്'.
ആക്സസ് മൈ ഇന്ത്യ തലവനാണ് പ്രദീപ് ഗുപ്ത. 2013 മുതലുള്ള ലോക്സഭാ– നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയ നിരക്കാണ് പ്രദീപിന്‍റെ പ്രവചനങ്ങള്‍ക്ക്.
4. പാറക്കാല പ്രഭാകരന്‍– 'ബിജെപി 230 സീറ്റില്‍ കൂടുതല്‍ നേടില്ല. 2014ലെ യുപിഎ വിരുദ്ധ വികാരമോ 2019 ലെ പുല്‍മാമക്കു ശേഷമുള്ള ദേശീയ വികാരമോ ഇപ്പോഴില്ല'.
പാറക്കാല പ്രഭാകരന്‍ സാമ്പത്തിക വിദഗ്ധനും സാമൂഹിക നിരീക്ഷകനുമാണ്. കടുത്ത മോദി, ബിജെപി വിമര്‍ശകനാണദ്ദേഹം.
5. സഞ്ജയ് കുമാര്‍ – 'എന്‍ഡിഎ സഖ്യം 300 നടുത്ത് സീറ്റ് നേടും. സഖ്യമായി തന്നെ 370 നടുത്ത് സീറ്റ് കിട്ടാന്‍ ഒരു സാധ്യതയുമില്ല'.
ലോക്നീതി–CSDS ന്‍റെ കോ ഡയറക്ടര്‍ ആണ് സഞ്ജയ് കുമാര്‍. ഇന്ത്യ സഖ്യത്തെക്കാള്‍ 12 ശതമാനം വോട്ട് എന്‍ഡിഎ നേടുമെന്നാണ് ലോക്നീതി പറയുന്നത്.
രാഷ്ട്രീയ ചലനങ്ങള്‍ നോക്കിയും പ്രതികരണങ്ങള്‍ പരിശോധിച്ചുമാണ് ഈ പ്രവചനങ്ങള്‍. ശാസ്ത്രീയ സങ്കേതകള്‍ ഉപയോഗിച്ചല്ല. ഇനി നമുക്ക് അഭിപ്രായ സര്‍വേകള്‍ നോക്കാം. ചില പ്രധാന അഭിപ്രായ സര്‍വേകള്‍ ഇതുവരെ പറഞ്ഞത് ഒറ്റ നോട്ടത്തില്‍...
ഈ സര്‍വേകളെല്ലാം ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 19ന് മുന്‍പ് വന്നതാണ്. ഇനി വരാനുള്ളത് എക്സിറ്റ് പോളുകളാണ്. സാങ്കേതികമായി അഭിപ്രായ സര്‍വേകള്‍ പ്രവചനങ്ങളല്ല. അത് നടക്കുന്ന സമയത്തെ ജനവികാരം പ്രതിഫലിപ്പിക്കുന്ന പഠനങ്ങളാണ്. ഇനി എക്സിറ്റ് പോളുകള്‍ . ഈ ഇലക്ഷനിലെ എക്സിറ്റ് പോളുകള്‍ ജൂണ്‍ ഒന്ന് വൈകിട്ട് 6.30 ന് ശേഷം പുറത്തു വരും. ജനപ്രാതിനിധ്യ നിയമം 126 എ അനുസരിച്ച് ഇത്തരം പോളുകള്‍ നിയന്ത്രിക്കാന്‍ ഇലക്ഷന്‍ കമ്മിഷന് അധികാരമുണ്ട്. പോളിങ് ആരംഭിച്ച ഏപ്രില്‍ 19 രാവിലെ 7 മണി മുതല്‍ അവസാന ഘട്ട പോളിങ് തീരുന്ന ജൂണ്‍ 1 6.30 വരെ എക്സിറ്റ് പോള്‍ പ്രസിദ്ധീകരിക്കാന്‍ വിലക്കുണ്ട്. പോളിങ് 6 മണിക്ക് തീര്‍ന്ന ശേഷവും അര മണിക്കൂര്‍ കൂടെ കഴിഞ്ഞേ ഫലം പുറത്തു വിടാവൂ.
പലരും എക്സിറ്റ് പോളും പ്രീ പോള്‍ സര്‍വേയും ഒന്നാണെന്ന് കരുതും. വോട്ടു ചെയ്തവരോട് ആര്‍ക്ക് വോട്ടു ചെയ്തു എന്നു ചോദിച്ച് കണക്കു കൂട്ടുന്നതാണ് എക്സിറ്റ് പോള്‍. നേരിട്ടോ ഫോണിലോ ഓണ്‍ലൈനിലോ ആകാം. നേരത്തേ നടത്തുന്ന അഭിപ്രായ സര്‍വേയെക്കാളും വിശ്വാസ്യത എക്സിറ്റ് പോളിനാണ്. അഭിപ്രായ സര്‍വേയില്‍ അഭിപ്രായം പറഞ്ഞവര്‍ വോട്ടെടുപ്പിന് മുന്‍പ് ആ അഭിപ്രായം മാറ്റിയിട്ടുണ്ടാകാം. തിരഞ്ഞെടുപ്പ് വിഷയങ്ങളും വിവാദങ്ങളും മാറി മറിഞ്ഞപ്പോള്‍ വോട്ടിന്‍റെ കാര്യത്തില്‍ മലക്കം മറിഞ്ഞവരുമുണ്ടാകാം. ചിലപ്പോള്‍ പോളിങ് ബൂത്തിലേക്ക് പോകാത്തവരും അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തിട്ടുണ്ടാകാം. എന്നാല്‍എക്സിറ്റ് പോളില്‍ വോട്ടുചെയ്തവര്‍ മാത്രമേ പങ്കാളികളാകൂ.
ഇപ്പറയുന്ന പോളുകള്‍ ഒക്കെ വിശ്വസിക്കണോ എന്നൊരു ചോദ്യമുണ്ട്. ഇന്ത്യയിലെ സര്‍വേകളും എക്സിറ്റ് പോളുകളും ശരിയാണോ?
കണക്കു നോക്കിയാല്‍ 1980 നും 2024 നുമിടയ്ക്ക് ലോക്സഭ, അസംബ്ലി ഇലക്ഷനുകളിലായി ആകെ 1285 പ്രധാന പോളുകള്‍ രാജ്യത്ത് നടന്നിട്ടുണ്ട്. ഇതില്‍ 601 അഭിപ്രായ സര്‍വേയും 684 എകിസ്റ്റ് പോളുമാണ് . ആരാകും കേവല ഭൂരിപക്ഷം നേടി സര്‍ക്കാരുണ്ടാക്കുക എന്ന് പറയുന്നതില്‍ 76 ശതമാനം പോളുകളും ശരിയായി വന്നു. എക്സിറ്റ് പോളുകള്‍ക്കാണ് കൂടിയ വിജയം. 80 എക്സിറ്റ് പോളുകളും ശരിയായിരുന്നു.
തെറ്റിയവയില്ലേ? ഉണ്ട് . 2000 നു ശേഷമുളള ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ മാത്രം ചരിത്രം നോക്കാം.
ആദ്യം 2004
ഈ ലോക്സഭാ തിരഞ്ഞെടുപ്പാണ് പോളുകള്‍ ഫ്ലോപ്പായതിന്‍റെ ക്ലാസിക് കേസ്. ഇന്ത്യ ഷൈനിങ് പ്രചാരണവുമായി വാജ്പേയിയുടെ എന്‍ഡിഎ സര്‍ക്കാര്‍ അന്ന് വോട്ടുതേടി. 18 അഭിപ്രായ സര്‍വേകളും 16 എക്സിറ്റ് പോളുകളും നടന്നു. എല്ലാം എന്‍ഡിഎക്ക് തുടര്‍ ഭരണം പ്രവചിച്ചു. എല്ലാം തെറ്റി. മന്‍മോഹന്‍ സിങ്ങിന്‍റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.
അടുത്തത് 2009
2009 ല്‍ വീണ്ടും പൊതുവില്‍ പോളുകള്‍ പരാജയപ്പെട്ടു. യുപിഎ സീറ്റ് നില മെച്ചപ്പെടുത്തും എന്ന് പലര്‍ക്കും പറയാന്‍ കഴിഞ്ഞില്ല. യുപിഎ മുന്നിലെത്തുമെന്ന് പറഞ്ഞവര്‍ പോലും ഓടിയെത്താവുന്ന ദൂരം എന്‍ഡിഎക്ക് കൊടുത്തു. പക്ഷേ ഫലം വന്നപ്പോള്‍ യുപിഎ അംഗബലം 208 ല്‍ നിന്ന് 262 ആയി സീറ്റ് കൂടി
2014
2014 ല്‍ ആരു ഭരിക്കും എന്നതില്‍ സര്‍വേകളില്‍ കൃത്യമായ പ്രവചനം വന്നു. 257–340 നും ഇടയില്‍ സീറ്റ് എന്‍ഡിഎക്ക് കിട്ടും എന്നായിരുന്നു പ്രവചനങ്ങള്‍. 336 ആയിരുന്നു നരേന്ദ്ര മോദിയും സംഘവും നേടിയത്. കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റായിരിക്കും എന്ന പ്രവചനങ്ങളും ശരിയായി കോണ്‍ഗ്രസിനാകെ ലഭിച്ചത് 44 . യുപിഎക്ക് ആകെ 59.
2019
2019 ല്‍ അതായത് തൊട്ടുമുമ്പ് നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ മോദിക്ക് ഭരണത്തുടര്‍ച്ചയെന്ന പൊതുവിലുള്ള പ്രവചനം ശരിയായി. പക്ഷേ സീറ്റെണ്ണം കണക്കുകൂട്ടിലിനപ്പുറം പോയി. 285 നടുത്ത സീറ്റെണ്ണമായിരുന്നു പൊതുവില്‍. പക്ഷേ എന്‍ഡിഎ 353 സീറ്റ് നേടി. ഇത്രയും കിട്ടുമെന്ന് ആരും ചിന്തിച്ചില്ല. ബിജെപി ഒറ്റയ്ക്ക് 303.
പ്രവചനം തെറ്റുന്ന സാഹചര്യങ്ങള്‍ പലതാണ്. കടുത്ത മല്‍സരമുണ്ടായാല്‍ , സാംപിള്‍ ചെറുതായാല്‍, സാംപിള്‍ വോട്ടര്‍മാരുടെ യഥാര്‍ഥ പരിഛേദമാകാതിരുന്നാല്‍ , പണം വിതരണം ചെയ്യുന്നതുപോലെ രാഷ്ട്രീയേതര കാരണങ്ങള്‍ തിരഞ്ഞെടുപ്പിലെ പ്രധാന ഘടകമായാല്‍ , അവസാന നിമിഷം മാറുന്ന ട്രെന്‍റുകള്‍ വന്നാലൊക്കെ പോള്‍ നടത്തിയവര്‍ പരിഹസിക്കപ്പെടും. ഇന്ത്യ പോലെ വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യത്ത് ശരിയായ പ്രവചനത്തിന് കുറഞ്ഞത് കുറ്റമറ്റ നാല്‍പതിനായിരം സാംപിളുകളെങ്കിലും സര്‍വേക്ക് വേണം എന്ന് ഡോ.പ്രണോയ് റോയെപ്പോലുള്ള വിദഗ്ധര്‍ പറയുന്നു.
എല്ലാം നോക്കിയാലും തെറ്റുണ്ടാവാം. പ്രവചനം തെറ്റുന്നത് ഇന്ത്യയിലെ മാത്രം കാര്യമല്ല. പാഴായ പ്രവചനങ്ങളില്‍ വിശ്വവിഖ്യാതമായത് 2016 ലെ അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പാണ്. ഡൊണള്‍ഡ് ട്രംപും ഹിലരി ക്ലിന്‍റണും തമ്മിലെ ഏറ്റുമുട്ടല്‍ കടുത്തതാണെങ്കിലും ഹിലരി ജയിച്ചു കയറുമെന്നായിരുന്നു മിക്ക സര്‍വേകളും പറഞ്ഞത്. പക്ഷേ ജയിച്ചത് ട്രംപായിരുന്നു. ഹിലരിക്കൊപ്പം പോളുകളും തോറ്റു. അതിനെപ്പറ്റി പറയുന്നത് ട്രംപിന് വോട്ടു ചെയ്തവരും ഹിലരിക്കാണ് ചെയ്തതെന്ന് സര്‍വേക്കാരോട് കള്ളം പറഞ്ഞതായാണ്. ട്രംപിന് വോട്ടു ചെയ്യുന്ന ടൈപ്പ് ആളാണ് പുറത്തറിയാന്‍ പലര്‍ക്കും ഇഷ്ടമുണ്ടായിരുന്നില്ല പോലും. ബ്രക്സിറ്റിനു മുന്‍പ് നടന്ന സര്‍വേകള്‍ പലതും ബ്രിട്ടന്‍ യുറോപ്യന്‍ യൂണിയനില്‍ തുടരുമെന്ന് പറഞ്ഞിരുന്നതും അത് പാളിപ്പോയതും ഈ അവസരത്തില്‍ ഓര്‍ക്കാം.
ഇന്ത്യയിലുമുണ്ട് പരാജയപ്പെട്ട സര്‍വേകള്‍ ധാരാളം.
2015 ബിഹാര്‍ തിരഞ്ഞെടുപ്പ്. ബിജെപി ജയമായിരുന്നു കൂടുതല്‍ പേരും പ്രവചിച്ചത്. മഹാഗഡ്ബന്ധന്‍ വിജയിച്ചു.
2023 ചത്തിസ്ഗഡ് തിരഞ്ഞെടുപ്പില്‍ 10 എക്സിറ്റ് പോളുകള്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് പറഞ്ഞെങ്കിലും തെറ്റി.
ശരിയും തെറ്റും പ്രവചിച്ച് 1957 ലെ രണ്ടാം ലോക്സഭാ തിരഞ്ഞെടുപ്പ് മുതല്‍ തിരഞ്ഞെടുപ്പ് സര്‍വേകള്‍ ഇന്ത്യയിലുണ്ട്. 80 കളോടെ സര്‍വേകളുടെ എണ്ണം കൂടി. 90കള്‍ക്ക് ശേഷം മാധ്യമങ്ങളുടെ എണ്ണത്തിലെ വര്‍ധന പോളുകളുടെ എണ്ണത്തിലും പ്രതിഫലിച്ചു. ലോകത്തൊരിടത്തും നടക്കാത്തൊരു തരം എക്സിറ്റ് പോള്‍ ഇന്ത്യയില്‍ നടന്നിട്ടുണ്ട്. ഇന്‍സ്റ്റാ പോള്‍. 2007 പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിടിവി സംഘടിപ്പിച്ചതാണത്. രാവിലെ വോട്ടെടുപ്പ് നടക്കുന്നതിന് സമാന്തരമായി എക്സിറ്റ് പോള്‍. ഓരോ മിനിട്ടിലും ആര് മുന്നിലെന്ന് ഈ പോള്‍ പറഞ്ഞുകൊണ്ടേരിയുന്നു. വോട്ടെണ്ണിയപ്പോള്‍ കണ്ടത് ഇന്‍സ്റ്റാ പോളിന്‍റെ ഫലം കൃത്യമാണെന്നായിരുന്നു. അതിനു മുമ്പോ ശേഷമോ അത്തരമൊരു പോള്‍ വേറെയുണ്ടായില്ല. നിലവിലെ നിയന്ത്രണങ്ങള്‍ കാരണം അങ്ങനെയൊന്ന് ഇനി പ്രതീക്ഷിക്കാനും വയ്യ. അതുകൊണ്ട് ജൂണ്‍ ഒന്നിന് വോട്ടെടുപ്പ് കഴിഞ്ഞു വരുന്ന എക്സിറ്റ് പോളുകള്‍ക്കായി കാത്തിരിക്കാം.