ഭരണഘടന മുഖ്യതാരമായ തിരഞ്ഞെടുപ്പ് പ്രചാരണമാണ് ഇന്ന് പൂര്‍ത്തിയാകുന്നത്. പ്രചാരണരംഗത്ത് പ്രധാനകക്ഷികളെല്ലാം ഭരണഘടന സംരക്ഷകരെന്ന് സ്വയം വിശേഷിപ്പിച്ചു. വര്‍ത്തമാനകാല ഇന്ത്യയില്‍ ഭരണഘടന ഇത്രയും വലിയ പ്രചാരണ വിഷയമാകുന്നത് ഇതാദ്യമാകും.
ഭരണഘടനയുടെ പോക്കറ്റ് സൈസ് പതിപ്പ് ഉയര്‍ത്തിപ്പിടിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍. ബിജപിയില്‍ നിന്ന് ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുക ദളിതരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ന്യൂനപക്ഷങ്ങളുടെയും ഉത്തരവാദിത്തമെന്ന് ഓര്‍മിപ്പിച്ചു രാഹുല്‍.
ഇന്ത്യന്‍ ഭരണഘടനയെ വെറുക്കുന്നവരാണ് കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചടിച്ചു. പ്രതിപക്ഷ നേതാക്കള്‍ ഭരണഘടന വായിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പുതരുന്ന സംവരണം അട്ടിമറിച്ച് മതസംവരണം നടപ്പാക്കാനാണ് കോണ്‍ഗ്രസ് നീക്കമെന്നും മോദി. ഭരണഘടന മാറ്റിയെഴുതാനാണ് ബിജെപി നാനൂറിന് മുകളില്‍ സീറ്റ് ചോദിക്കുന്നതെന്ന് അരവിന്ദ് കേജ്രിവാളും മറ്റ് ഇന്ത്യ സഖ്യ നേതാക്കളും ആരോപിച്ചു.
മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാല്‍ ഭരണഘടന എന്ന നമ്മുടെ രാഷ്ട്രത്തിന്‍റെ അടിത്തറ ഇളക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാവുമോ? ജനവിധി എന്തുതന്നെയായാലും ഭരണഘടന നല്‍കിയ വോട്ടവകാശം വിനിയോഗിക്കുന്നതിന് മുമ്പ് ആ ഭരണഘടനയുടെ പ്രാധാന്യം ഗ്രാമീണ ഇന്ത്യയില്‍പ്പോലും ചര്‍ച്ചയായി എന്നതാണ് ഈ തിരഞ്ഞെടുപ്പുകാലത്തെ നേട്ടം.