മമതാ ബാനർജി കഴിഞ്ഞാൽ ബംഗാൾ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറാണ് ക്യാപ്റ്റൻ എന്ന് പാർട്ടിക്കാർ വിളിക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖർജി. ജയിലിൽ ഇട്ടാലും മർദിച്ചവശരാക്കിയാലും എത്ര കേസുകൾ എടുത്താലും മമതാ ബാനർജിക്കെതിരേ തെരുവിൽ പോരാടുമെന്ന് അവർ പറയുന്നു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന് മീനാക്ഷി മനോരമ ന്യൂസിനോട് പറഞ്ഞു. ആദ്യമായാണ് ബംഗാളിൽ ഒരു വനിത ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയാകുന്നത്.
ആയിരങ്ങളാണ് മീനാക്ഷി മുഖര്‍ജിയുടെ പ്രസംഗം കേൾക്കാൻ തടിച്ചുകൂടുന്നത്. ബംഗാളിൽ ചലച്ചിത്രതാരങ്ങൾക്കു പോലം ലഭിക്കാത്ത താരപ്പൊലിയമയുള്ള ഡിവൈഎഫ്ഐ സെക്രട്ടറിക്കൊപ്പം ഫോട്ടോയെടുക്കാൻ ജനക്കൂട്ടം തിക്കിത്തിരക്കുന്നു. മീനാക്ഷിയെ തങ്ങളുടെ മണ്ഡലങ്ങളിൽ പ്രസംഗിപ്പിക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥികളും സിപിഎം നേതൃത്വത്തോട് അഭ്യര്‍ഥിക്കുന്നു. മമതാ ബാനർജിക്കെതിരേ നന്ദിഗ്രാമിൽ മൽസരിച്ച്, കെട്ടിവച്ച കാശു പോയെങ്കിലും പതിനായിരങ്ങൾ പങ്കെടുത്ത ഇൻസാഫ് റാലിയോടെയാണ് ബംഗാളിൽ മീനാക്ഷി മുഖർജി ക്യാപ്റ്റനായി ഉയർന്നത്.
ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്നും തൃണമൂൽ 8 സീറ്റുകൾ ബിജെപിക്ക് അടിയറ വച്ചിരിക്കുകയാണെന്നും മീനാക്ഷി മുഖർജി പറയുന്നു. ബംഗാളിയിലും ഹിന്ദിയിലും മാറിമാറി പ്രസംഗിക്കുന്ന മീനാക്ഷി മുഖര്‍ജി ഓരോ പ്രദേശത്തും അതാത് വിഷയങ്ങളാണ് സംസാരിക്കുന്നത്. കേരളത്തില്‍ നിന്ന് മുതിര്‍ന്ന സിപിഎം നേതാക്കള്‍ പ്രചാരണത്തിന് വരാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് എസ് എഫ് ഐ ദേശീയ പ്രസിഡന്റ് വി.പി.സാനു ഉൾപ്പെടെയുള്ളവർ വന്നിട്ടുണ്ട് എന്നായിരുന്നു മറുപടി. ബംഗാളില്‍ ഡിവൈഎഫ്ഐയും എസ് എഫ് ഐയും വീണ്ടും കരുത്താര്‍ജിക്കുകയാണെന്ന് മീനാക്ഷി പറയുന്നു.