75 വയസ്സ് പ്രായപരിധി ബിജെപി ഭരണഘടനയില്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് അധ്യക്ഷന്‍ ജെ.പി.നഡ്ഡ. വരുന്ന അഞ്ചുവര്‍ഷവും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രാജ്യം ഭരിക്കും. വിവരക്കേടുകള്‍ പറയാന്‍ കേജ്‍രിവാള്‍ മിടുക്കനെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ പരിഹസിച്ചു.
75 വയസ്സ് പിന്നിട്ടാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രി പദവി ഒഴിയുമെന്നും പകരം അമിത് ഷാ വരുമെന്നുമുള്ള കേജ്‌രിവാളിന്‍റെ വാക്കുകള്‍ ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണ വിഷയങ്ങളെ തന്നെ മാറ്റിമറിക്കുന്നതായിരുന്നു. എന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ കാര്യങ്ങള്‍ നോക്കി നടത്തി മുന്‍പോട്ട് പോകുന്നതാണ് കേജ്‍രിവാളിന് നല്ലതെന്ന് പറയുന്നു ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ. താല്‍ക്കാലികമായി പുറത്തിറങ്ങിയ കേജ്‍രിവാള്‍ ഉടന്‍ ജയിലിലേക്ക് തിരികെ പോകും. ഈ ചുരുങ്ങിയ സമയം സ്വന്തം പാര്‍ട്ടിയിലെ തീരുമാനങ്ങള്‍ കേജ്‍രിവാളെടുക്കട്ടെയെന്ന് നഡ്ഡ. രാജ്യസേവനത്തില്‍ മുന്നില്‍ നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കാലാവധി പൂര്‍ത്തിയാക്കും. പാര്‍ട്ടിയുടെ മുഖമാണ് മോദി.
അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണ് മോദി വോട്ട് തേടുന്നതെന്നും വീണ്ടും അധികാരത്തിലെത്തിയാല്‍ മോദി യോഗി ആദിത്യനാഥിനെയും മാറ്റുമെന്നു കൂടി കേജ്‍രിവാള്‍ പറഞ്ഞിരുന്നു.