ഡല്‍ഹിയില്‍ ഇന്ത്യാ സഖ്യത്തിനായി പ്രചാരണത്തിനിറങ്ങി കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് സംഘം. ജനപ്രതിനിധികളും നേതാക്കളും പ്രവര്‍ത്തകരുമടങ്ങുന്ന 45 അംഗ സംഘമാണ് ഡല്‍ഹി മലയാളികളോട് വോട്ടഭ്യര്‍ഥിക്കാനെത്തിയത്. അഞ്ചുദിവസം സംഘം ഡല്‍ഹിയിലുണ്ടാകും.
നാട്ടിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ഡല്‍ഹിയില്‍ പ്രചാരണത്തിനിറങ്ങുകയാണ് കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍. ഡല്‍ഹിയില്‍ പത്തുലക്ഷത്തിലേറെ മലയാളി വോട്ടര്‍മാരുണ്ടെന്നാണ് കണക്ക്. ഇവരെ ലക്ഷ്യമിട്ടാണ് പ്രചാരണം. കെ.പി.സി.സിയുടെ നിര്‍ദേശ പ്രകാരമാണ് പാര്‍ട്ടി ഭാരവാഹികളും പോഷക സംഘടനാ നേതാക്കളും പ്രവര്‍ത്തകരുമടങ്ങുന്ന 45 അംഗസംഘം ഡല്‍ഹിയിലെത്തിയത്. നേതൃത്വം നല്‍കാന്‍ അടുത്തദിവസം കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനുമെത്തും. ഡല്‍ഹിയുടെ ചുമതലയുള്ള AICC ജന. സെക്രട്ടറി ദീപക് ബാബറിയ പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംഘത്തിന് നിര്‍ദേശങ്ങള്‍ നല്‌കി. രമ്യ ഹരിദാസ് എം.പിയും ചാണ്ടി ഉമ്മന്‍ എം.എല്‍.എക്കും പുറമേ കൂടുതല്‍ ജനപ്രതിനിധികളും വരും ദിവസങ്ങളില്‍ ഡല്‍ഹിയിലെത്തും.
കോണ്‍ഗ്രസ് മല്‍സരിക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി, ചാന്ദ്നി ചൗക്ക് മണ്ഡലങ്ങളില്‍ മലയാളികള്‍ വോട്ടര്‍മാര്‍ താമസിക്കുന്ന സ്ഥലങ്ങളിലാണ് ഇവര്‍ പ്രചാരണം നടത്തുക. വിവിധ സംഘങ്ങളായി തിരിഞ്ഞാകും പ്രവര്‍ത്തനം. കേരള നേതാക്കളുടെ പ്രചാരണംകൊണ്ട് മലയാളികളുടെ വോട്ടുനേടാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.