പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു
വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മല്‍സരിക്കാന്‍ മുതിര്‍ന്ന 38 പേരുടെ പത്രികകള്‍ തള്ളി വരണാധികാരി. ഇതോടെ വാരാണസിയില്‍ പതിറ്റാണ്ടുകള്‍ക്കിടയില്‍ ഏറ്റവും കുറച്ചുപേര്‍ മല്‍സരിക്കുന്ന തിരഞ്ഞെടുപ്പായി ഇത്തവണത്തേത്. മോദി ഉള്‍പ്പെടെ ഏഴുപേര്‍ മാത്രം. 2019ലെ തിരഞ്ഞെടുപ്പില്‍ 26 സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നു. 2014ല്‍ 42 പേരും വാരാണസിയില്‍ മല്‍സരിച്ചു. കോണ്‍ഗ്രസിലെ അജയ് റായ് ആണ് ഇത്തവണയും മോദിയുടെ മുഖ്യ എതിരാളി. സമാജ്‍വാദി പാര്‍ട്ടി ഇന്ത്യ സഖ്യത്തില്‍ അംഗമായതിനാല്‍ ഇവിടെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു. ബഹുജന്‍ സമാജ് പാര്‍ട്ടിയിലെ അതെര്‍ ജമാല്‍ ലാറിയാണ് മൂന്നാമത്തെ പ്രമുഖന്‍. അപ്നാദള്‍ (കമേരാവാദി) അംഗം ഗഗന്‍ പ്രകാശ് യാദവ്, യുഗതുളസി പാര്‍ട്ടിയുടെ ലേബലില്‍ കോലിസെട്ടി ശിവകുമാര്‍ എന്നിവരും ദിനേഷ് കുമാര്‍ യാദവ്, സഞ്ജയ് കുമാര്‍ തിവാരി എന്നീ സ്വതന്ത്രരുമാണ് മറ്റ് സ്ഥാനാര്‍ഥികള്‍.
വാരാണസിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു
ഉത്തര്‍പ്രദേശ് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിലെ വിവരം അനുസരിച്ച് ആകെ 55 പേര്‍ വാരാണസിയില്‍ പത്രിക നല്‍കി. 38 എണ്ണം തള്ളി. കമ്മീഷന്‍ സ്വീകരിച്ച 16 പത്രികകളില്‍ ഏഴുപേരൊഴികെ എല്ലാവരും പിന്‍വലിച്ചു. ഇതോടെയാണ് വാരാണസിയിലെ തിരഞ്ഞെടുപ്പുചിത്രം ഇത്ര ചെറുതായത്.
ബഹുജന്‍ സമാജ് പാര്‍ട്ടിയിലെ അതെര്‍ ജമാല്‍ ലാറി വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു
നാമനിര്‍ദേശ പത്രിക തള്ളിയത് ചോദ്യംചെയ്ത് കൊമേഡിയന്‍ ശ്യാം രംഗീല ഉള്‍പ്പെടെ എട്ടുപേര്‍ വരണാധികാരിയായ ജില്ലാ മജിസ്ട്രേറ്റ് എസ്.രാജലിംഗത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അപേക്ഷ ഉള്‍പ്പെടെ രേഖകള്‍ വൈകിപ്പിക്കുകയും സത്യപ്രതിജ്ഞ ചെയ്യിക്കാതെ ചട്ടലംഘനം നടത്തിയെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തുവെന്നാണ് പ്രധാന ആരോപണം. പത്രികസമര്‍പ്പണത്തിന്റെ പ്രധാന ഘടകമാണ് ഭരണഘടനയുടെ 84 എ അനുച്ഛേദപ്രകാരമുള്ള സത്യപ്രതിജ്ഞ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഹാന്‍ഡ്ബുക് പ്രകാരം റിട്ടേണിങ് ഓഫിസറാണ് ഇത് ചെയ്യേണ്ടത്. എന്നാല്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സമയം കഴിയുന്നതുവരെ സത്യപ്രതിജ്ഞയ്ക്ക് അവസരം നല്‍കാന്‍ വരണാധികാരിയോ ഉപവരണാധികാരിയോ തയാറായില്ലെന്ന് സ്വതന്ത്രരില്‍ ഒരാളായ സുനില്‍കുമാര്‍ ബിന്‍ഡ് ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു.
അപേക്ഷ വാങ്ങാനും ചലാന്‍ സമര്‍പ്പിക്കാനും പണമടയ്ക്കാനുമെന്ന വ്യാജേന ഒട്ടേറെ ആളുകള്‍ ഓഫിസുകള്‍ക്കുമുന്നില്‍ ക്യൂ നിന്നതിനാല്‍ യഥാര്‍ഥത്തില്‍ സ്ഥാനാര്‍ഥികള്‍ ആകാന്‍ വന്ന പലര്‍ക്കും പത്രിക സമര്‍പ്പിക്കാന്‍ പോലും കഴിഞ്ഞില്ലെന്നും പരാതിയുണ്ട്. കടമ്പകള്‍ കടന്നുകിട്ടിയ പലരെയും വരണാധികാരിയും ഉപ വരണാധികാരിയും നിസാര കാരണങ്ങള്‍ പറഞ്ഞ് പ്രക്രിയ വൈകിപ്പിച്ചെന്നും ആരോപണമുണ്ട്. പത്രിക സമര്‍പ്പിക്കാന്‍ അവസരം ലഭിച്ചതാകട്ടെ പ്രാദേശിക ബിജെപി പ്രവര്‍ത്തകരോ ഭാരവാഹികളോ ആയവരായിരുന്നു. ഇവര്‍ പിന്നീട് പത്രിക പിന്‍വലിച്ചു. ഈമാസം ഏഴുമുതല്‍ പത്തുവരെയായിരുന്നു വാരാണസിയില്‍ പത്രിക സമര്‍പ്പിക്കാനുള്ള സമയം.