മമത ബാനര്‍ജി ബി.ജെ.പിയിലേക്ക് പോയേക്കുമെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ബംഗാള്‍ അധ്യക്ഷന്‍ അധിര്‍‌ രഞ്ജന്‍ ചൗധരിയ്ക്ക് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ താക്കീത്. പാര്‍‍ട്ടിയുമായി ബന്ധപ്പെട്ട  തീരുമാനങ്ങളെടുക്കാന്‍ അധിര്‍ രഞ്ജന് അധികാരമില്ല. ഹൈക്കമാന്‍ഡ് തീരുമാനം അനുസരിക്കാത്തവര്‍ പാര്‍ട്ടിക്ക് പുറത്താകുമെന്നും ഖര്‍ഗെ മുന്നറിയിപ്പ് നല്‍കി.  

തൃണമൂലിനെ ലക്ഷ്യമിട്ട് നടത്തിയ വിമര്‍ശനങ്ങള്‍ മുന്‍പും അധിര്‍ രഞ്ജന്‍ ചൗധരിയെ കുരുക്കിലാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂലിനെതിരെ നടത്തിയ പരാമര്‍ശം ബി.ജെ.പി വന്‍ രാഷ്ട്രീയ ആയുധമാക്കിയിരുന്നു. 'ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപാർട്ടികളും ജയിക്കേണ്ടത് അനിവാര്യമാണ്. അതു സംഭവിച്ചില്ലെങ്കിൽ മതേതരത്വം ഇല്ലാതാകും. തൃണമൂലിനു വോട്ട് ചെയ്യുന്നതിനേക്കാൾ നല്ലത് ബിജെപിക്ക് ചെയ്യുന്നതാണ് എന്നായിരുന്നു അധിര്‍ രഞ്ജന്‍ പ്രസംഗിച്ചത്. ഇതോടെ  അധിര്‍ രഞ്ജന്‍ ബിജെപിയുടെ ബി ടീം കളിക്കുകയാണെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. പ്രസംഗം ഔദ്യോഗിക എക്സ് പേജിലൂടെ അവര്‍ പുറത്തുവിടുകയും ചെയ്തു. 

25 വര്‍ഷമായി കൊല്‍ക്കത്തയിലെ ബഹ്റാംപുരില്‍ നിന്നുള്ള എംപിയാണ് അധിര്‍ രഞ്ജന്‍. വീണ്ടും മണ്ഡലത്തില്‍ നിന്ന് തന്നെയാണ് അധിര്‍ ജനവിധി തേടിയതും. ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ നാലാംഘട്ടത്തിലായിരുന്നു ബഹ്റാംപുരില്‍ തിരഞ്ഞെടുപ്പ് നടന്നത്. ക്രിക്കറ്റ്താരം യൂസഫ് പഠാനെയാണ് തൃണമൂല്‍ അധിര്‍ രഞ്ജനെതിരെ മല്‍സരത്തിനിറക്കിയത്.

Adhir's remarks on Mamata Banerjee:

'He is nobody to make decisions'; Kharge on Adhir Ranjan's remarks on Mamata Banerjee